സ്ഥാനമൊഴിയുന്ന സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ് കയറിയ വാഹനം കയര്‍ കെട്ടിവലിച്ച് പൊലീസ് ആസ്ഥാനത്തെത്തിന്റെ ഗേറ്റിലെത്തിക്കുന്നു
തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബിന്റെ യാത്രയയപ്പ് ചടങ്ങ് ഔപചാരിക ചടങ്ങുകൾ കൊണ്ട് കൗതുകമായി. ഡി.ജി.പി ഇരുന്ന പ്രത്യേകം തയാറാക്കിയ വാഹനം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ആചാരപരമായ രീതിയില്‍ കയര്‍ കെട്ടിവലിച്ചാണ് പൊലീസ് ആസ്ഥാനത്തെത്തിന്റെ ഗേറ്റിലെത്തിച്ചത്. തുടർന്ന്, ഔദ്യോഗിക വാഹനത്തിൽ അദ്ദേഹത്തെ ഔദ്യോഗിക വസതിയിലേക്ക് യാത്രയാക്കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും ലഹരിമരുന്ന് ഇടപാടുകളുമാണ് ഭാവി കേരളം നേരിടാൻ പോകുന്ന പ്രധാന ക്രിമിനൽ പ്രശ്നങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.എ.പി ഗ്രൗണ്ടിൽ പൊലീസിൽ നൽകിയ വിടവാങ്ങൽ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് കേരള പൊലീസ് സേനയിലുള്ളത്. പ്രഫഷനലിസം, പ്രതിബദ്ധത, ത്യാഗസന്നദ്ധത എന്നിവ കൊണ്ട് രാജ്യത്തെ തന്നെ മികച്ച സേനകളിലൊന്നാണ് കേരളത്തിലുള്ളത്. ഒരു ഓഫിസില്‍ പോയാല്‍ അവിടത്തെ ഓഫിസര്‍ നമ്മോട് എങ്ങനെ പെരുമാറണമെന്നാണോ പ്രതീക്ഷിക്കുന്നത്, അതുപോലെയാകണം നമ്മളും അങ്ങോട്ടും സേവനം ചെയ്യേണ്ടത്. യൂനിഫോമുണ്ടായാലും ഇല്ലെങ്കിലും രാജ്യത്തിനും സംസ്ഥാനത്തിനുമായുള്ള സേവനത്തില്‍ എപ്പോഴും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് 4.30ന് പൊലീസ് ആസ്ഥാനത്തെത്തിയ ഷേഖ് ദർവേശ് സാഹിബ് വീരചരമമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രമര്‍പ്പിച്ചു. തുടര്‍ന്ന്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഓഫിസിലെത്തി. സർക്കാർ നിർദേശപ്രാകരം റവഡ ചന്ദ്രശേഖറിന്‍റെ അഭാവത്തിൽ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് അധികാരം കൈമാറിയുള്ള ഫയലുകളിൽ ഒപ്പുവെച്ചു. എന്നാൽ, പൊലീസിന്‍റെ അധികാരദണ്ഡ് കൈമാറിയില്ല. സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക കസേരയിലേക്ക് എച്ച്. വെങ്കിടേഷിനെ ദർവേശ് സാഹിബ് ക്ഷണിച്ചെങ്കിലും സ്നേഹപൂർവം അദ്ദേഹമത് നിരസിച്ചു. പടിയിറങ്ങുന്ന മുൻ മേധാവിക്ക് ജീവനക്കാർ പൂച്ചെണ്ടുകൾ നൽകി. ചിലർ സെൽഫിയുമെടുത്തു. തുടർന്ന്, ഓഫിസിന് പുറത്തെത്തിയ അദ്ദേഹത്തെ വാഹനത്തിൽ കയറ്റി പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ആചാരപരമായ രീതിയില്‍ കയര്‍ കെട്ടിവലിച്ച് ഗേറ്റിലെത്തിച്ചു. തുടർന്ന്, ഔദ്യോഗിക വാഹനത്തിൽ അദ്ദേഹത്തെ ഔദ്യോഗിക വസതിയിലേക്ക് യാത്രയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.