വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പൊലീസിനും മുന്നിൽ മണ്ണെണ്ണയൊഴിച്ച് ഏഴംഗ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പൊലീസിനും മുന്നിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി കുടുംബാംഗങ്ങൾ. നെയ്യാറ്റിൻകര കൊറ്റാമത്ത് 65 കാരിയായ ഫ്ലോറൻസും മക്കളും ഉൾപ്പെടെ ഏഴ് അംഗങ്ങൾ താമസിക്കുന്ന അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ. വീടിനുള്ളിൽ കയറി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് താൽക്കാലികമായി നടപടികൾ നിർത്തി ഉദ്യോഗസ്ഥരും പൊലീസും മടങ്ങി.

27 വർഷം മുമ്പ് ചികിത്സാ ആവശ്യത്തിനായി പാറശ്ശാല സ്വദേശിയായ ജയിംസ്, തമിഴ്‌നാട് സ്വദേശിയായ മോഹൻദാസ് എന്ന ഫിനാൻസ് ഉടമയിൽനിന്ന് 1,60,000 രൂപ കടം വാങ്ങിയിരുന്നു. വീടും സ്ഥലവും ഈട് നൽകിക്കൊണ്ടാണ് വായ്പയെടുത്തത്. പല തവണകളായി 10 ലക്ഷത്തോളം രൂപ തിരിച്ചടച്ചതായാണ് കുടുംബം അവകാശപ്പെടുന്നത്. പത്ത് വർഷം മുമ്പ് ജയിംസ് മരണപ്പെട്ട ശേഷം മോഹൻദാസ് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.

കോടതി വിധിയുമായി എത്തിയ മോഹൻദാസിനോട് 17 ലക്ഷം രൂപ നൽകാമെന്ന് ജയിംസിന്റെ മകൾ അറിയിച്ചെങ്കിലും അദ്ദേഹം പിന്മാറാൻ തയാറായില്ലെന്നാണ് പറയുന്നത്. വീട്ടുകാർ സമയം ചോദിച്ചെങ്കിലും കോടതി അധികൃതർ നടപടികളുമായി മുന്നോട്ട് പോയതോടെയാണ് കുടുംബാംഗങ്ങൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. 

Tags:    
News Summary - Family Threatens Suicide Over Bank Eviction Move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.