'ഉമ്മാ.. മുടിമുറിച്ച് ഉമ്മായെന്ന് പറഞ്ഞ് കരഞ്ഞോണ്ടാണ് മോൻ വന്നത്, ക്രൂരമായി മർദിച്ചിരുന്നു, ഭ്രാന്തനാക്കാൻ ശ്രമം'; ജയിൽ അധികൃതർക്കെതിരെ യൂട്യൂബർ മണവാളന്റെ കുടുംബം

തൃശൂർ: കേരളവർമ കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ ‘മണവാളൻ മീഡിയ’ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായുടെ മുടി മുറിച്ചതിൽ ജയിൽ അധികൃതർക്കെതിരെ കുടുംബം രംഗത്ത്.

ജയിൽ ചട്ടങ്ങൾ പ്രകാരം മുടിമുറിക്കുക മാത്രമാണ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കുന്നതെങ്കിലും ക്രൂരമായി മർദിച്ച ശേഷം കഴുത്തിന് കുത്തിപ്പിടിച്ച് ബലമായാണ് മുടിമുറിച്ചതെന്ന് മകൻ ഷഹീൻഷാ തങ്ങളോട് പറഞ്ഞതായി മാതാപിതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ജയിലിലെ പ്രതികളെ കൊണ്ട് ഷഹീൻഷായെ നിരവധി മർദിച്ചെന്നും സംഭവത്തിൽ മുഖ്യമന്ത്രിക്കും ജയിൽ വകുപ്പ് മേധാവി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കും പരാതി നൽകിയതായും മാതാപിതാക്കൾ പറഞ്ഞു.

റിമാൻഡിലായ ഷഹീൻ ഷായുടെ മുടി ജയിൽചട്ട പ്രകാരം കഴിഞ്ഞ ദിവസമാണ് മുറിച്ച് മാറ്റിയത്. മുടി നഷ്ടപ്പെട്ടതോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച മുഹമ്മദ് ഷഹീനെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തിലാണ് ജയിൽ അധികൃതർക്കെതിരെ ഗുരുതരാരോപണവുമായി കുടുംബം രംഗത്തെത്തുന്നത്. മകനെ മനപ്പൂർവം ഭ്രാന്തനെന്ന് മുദ്രകുത്താനാണ് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതെന്നും മാതാപിതാക്കൾ ആരോപിച്ചു.

ജയിലിനു മുൻപിൽ റീൽൽസ് ചിത്രീകരിച്ചു എന്ന് ആരോപിച്ചുകൊണ്ടാണ് ജയിൽ ജീവനക്കാരനായ നിക്സണും കണ്ടാലറിയാവുന്ന മറ്റു രണ്ട് ജീവനക്കാരും മകനോട് വൈരാഗ്യ ബുദ്ധിയോടുകൂടി പെരുമാറുന്നതെന്നും മണവാളന്റെ കുടുംബം ആരോപിച്ചു.

"ഉമ്മാ മുടിമുറിച്ച് ഉമ്മായെന്ന് പറഞ്ഞ് കരഞ്ഞോണ്ടാണ് മോൻ വരുന്നത്. ഞങ്ങൾക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിലായിരുന്നു. താടിയും മുടിയുമെല്ലാം പൂർണമായും ഒഴിവാക്കിയിരുന്നു. രണ്ടുപേർ ചേർന്ന് കഴുത്തിന് കുത്തിപ്പിടിച്ചാണ് മുടിമുറിച്ചത്. ഇതിനിടയിൽ കുഴഞ്ഞു വീണ മകനെ വീണ്ടും കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ചാണ് പൂർണമായും മുറിക്കുന്നത്. ഇതിനിടെയിൽ അവൻ പറയുന്നുണ്ട്. സിനിമയിൽ കരാറുണ്ട്, വിവാഹമുണ്ട്, മുടിമുറിക്കരുത് എന്നെല്ലാം. അതൊന്നും കേൾക്കാതെ തന്നെ ഇനി പുറത്ത് വിടുന്നുണ്ടെങ്കിൽ ഭ്രാന്തനാക്കിയേ വീടൂ എന്നാണ് അവർ അവനോട് പറഞ്ഞത്. ഒടുവിൽ അത് തന്നെയാണ് ചെയ്തത്. മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളുകയാണ് ചെയ്തത്." ഷഹീൻഷായുടെ മാതാവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Family takes legal action against prison authorities over YouTuber's hair cutting incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.