മരണ സർട്ടിഫിക്കറ്റ് മതി; ദുബൈയിൽ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബാംഗങ്ങൾ

കൊച്ചി: ദുബൈയിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയാറാകാതെ കുടുംബം. മൃതദേഹം നെടുമ്പാശ്ശേരിയിൽ എത്തിയിട്ടും കുടുംബാംഗങ്ങളാരും ഏറ്റെടുക്കാൻ തയാറായില്ല. മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇന്ന് പുലർച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിയത്. നിലവിൽ ആംബുലൻസിൽ കയറ്റി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ കാത്തു കിടക്കുകയാണ്.

ഏഴ് ദിവസം മുമ്പാണ് ഏറ്റുമാനൂർ സ്വദേശി ദുബൈയിൽ ആത്മഹത്യ ചെയ്തത്.  മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകൾ ശ്രമം തുടങ്ങിയപ്പോൾ തന്നെ ഏറ്റെടുക്കില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. മരണ സർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റ് സർട്ടിഫിക്കറ്റുകളും മാത്രം നൽകിയാൽ മതിയെന്നായിരുന്നു കുടുംബാംഗങ്ങൾ അറിയിച്ചത്.

അധിക ദിവസം മൃതദേഹം ദുബൈയിൽ സൂക്ഷിക്കാനാകില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളുമായി ചർച്ച നടത്തുകയും അതിന്റെ ഫലമായി നാട്ടിലെത്തിച്ചശേഷം വിളിച്ചാൽ മതിയെന്ന് കുടുംബാംഗങ്ങൾ അറിയിക്കുകയുമായിരുന്നു. സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

സബിയ എ​ന്ന ഒരു പെൺകുട്ടിയാണ് നെുമ്പാശ്ശേരിയിൽ മൃത​ദേഹം ഏറ്റുവാങ്ങിയത്.  മരിച്ചയാളുടെ സുഹൃത്താണ് സബിയ. മൃതദേഹം ഏറ്റുവാങ്ങാൻ സബിയയുടെ പേരാണ് വെച്ചിരുന്നത്. മരിച്ചയാൾ ഭാര്യയിൽ നിന്ന് വിവാഹമോചനത്തിനായി കേസ് നൽകിയിട്ടുണ്ട്. മൂന്നു വർഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്.  അതിനാൽ ഇയാൾ സുഹൃത്തായ യുവതിക്കൊപ്പമായിരുന്നു കഴിഞ്ഞത്.  അതിനിടെയാണ് വീണ്ടും ദുബൈയിലേക്ക് പോയത്. 

എന്നാൽ മൃതദേഹം ഏറ്റെടുക്കണമെങ്കിൽ  രക്തബന്ധത്തിലുള്ളവരോ ഭാര്യയോ വേണം. അല്ലെങ്കിൽ അവർക്ക് പ്രശ്നമില്ലെന്നുള്ള എൻ.ഒ.സി ലഭിക്കണം. കുടുംബാംഗങ്ങളെ വിളിച്ചിട്ട് അവർ ഫോണെടുക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ഇനി പൊലീസ് അനുമതിയുണ്ടെങ്കിൽ മാത്രമേ യുവതിക്ക് മൃതദേഹം സംസ്കരിക്കാനാകൂ. എന്നാൽ മരിച്ചത് ഏറ്റുമാനൂർ സ്വദേശിയായതിനാൽ ആലുവ പൊലീസിന് അനുമതി നൽകാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. അനുമതിക്കായി കാത്തിരിക്കുകയാണ് യുവതി.

Tags:    
News Summary - Family members not willing to accept the body of the deceased in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.