യുവതികളെ അപമാനിക്കാൻ ശ്രമം; ചോദ്യം ചെയ്ത ഭർത്താക്കന്മാരെ വെട്ടിപ്പരിക്കേൽപിച്ചു

തിരുവനന്തപുരം: ഭാര്യമാരെ അപമാനിക്കാൻ ശ്രമിച്ചത്​ ചോദ്യം ചെയ്ത യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ചു. ഏജീസ് ഓഫിസിലെ സീനിയർ അക്കൗണ്ടൻറും ഹരിയാന സ്വദേശിയുമായ രവി യാദവും ഡേറ്റ എൻട്രി ഓപറേറ്റർ ഉത്തർപ്രദേശുകാരൻ ജഗത് സിങ്ങുമാണ് ആക്രമിക്കപ്പെട്ടത്.

ഞായറാഴ്ച രാത്രി 8.30ന് പേട്ട അമ്പലത്തുമുക്കിലെ റോഡിൽ കുടുംബസമേതം നടക്കാനിറങ്ങിയതായിരുന്നു ഇവർ. ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരുടെ ഭാര്യമാരെ കടന്നുപിടിച്ചു. തടയാൻ ശ്രമിച്ച ഇരുവരെയും അക്രമികൾ മർദിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ചതോടെ കത്തിയെടുത്ത് കൈകളിൽ വെട്ടി.

യുവതികൾ ബഹളം​െവച്ചതോടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽനിന്ന് തിരികെ വീട്ടിലെത്തിയപ്പോൾ അക്രമിസംഘം വീണ്ടുമെത്തി ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.

പൊലീസിൽ പരാതി നൽകിയാൽ കുഞ്ഞിനെയടക്കം വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി രവി യാദവ് മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന്, തിങ്കളാഴ്ച രാവിലെയോടെ പേട്ട പൊലീസിൽ രേഖാമൂലം പരാതി നൽകി. വധശ്രമത്തിനും സ്ത്രീകളെ അപമാനിച്ചതിനും കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. പരിസരവാസികളായ ക്രിമിനൽ പശ്ചാത്തലമുള്ള ചിലരാണ് അക്രമത്തിന്​ പിന്നിലെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.