അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന് വ്യാജ പ്രചാരണം: ഹിന്ദി അധ്യാപികക്ക് സസ്​പെൻഷൻ, പിന്നാലെ ​പോക്‌സോ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ ബലിയാടായി വിദ്യാർഥിനി പഠനം അവസാനിപ്പിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ പോക്‌സോ കേസ്. അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന് ഇവർ വ്യാജ കേസ് നൽകുകയും യു ട്യൂബിൽ അടക്കം പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി.ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ഇവരെ മാനേജർ ദ്വിവിജേന്ദർ റെഡ്ഡി സസ്​പെൻഡ് ചെയ്തു. അതിനിടെ അന്വേഷണ സംഘം കുട്ടിയുടെ മാതാവില്‍ നിന്ന് മൊഴിയെടുത്തു. സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. ഇവർ വ്യാജ പരാതി നല്‍കുകയും വാട്‌സാപ്പിലൂടെയും യുട്യൂബിലൂടെയും ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് തിരിച്ചറിയാതിരിക്കാൻ വിദ്യാർഥിനിക്ക് സ്കൂളിൽ മുടി മുറിച്ച് വരേണ്ടി വരികയും തുടർന്ന് വിദ്യാർഥിനി പഠനം അവസാനിപ്പിക്കുകയുമായിരുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനി അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ കുട്ടിയെ ഇരയാക്കിയത്. നാണക്കേടിലായ വിദ്യാര്‍ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചത് വാര്‍ത്തയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കി. പിന്നാലെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്.

അധ്യാപികയായ സി.ആര്‍. ചന്ദ്രലേഖ കുട്ടിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ആദ്യം വാക്കാല്‍ വ്യാജ പ്രചാരണം നടത്തി. മറ്റ് അധ്യാപകരോട് വിദ്യാര്‍ഥി പീഡനത്തിനിരയായി എന്ന് പറഞ്ഞു പ്രചരിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും വ്യാജ പരാതി പൊലീസില്‍ ഉള്‍പ്പടെ നല്‍കി. അപവാദ പ്രചാരണങ്ങള്‍ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വര്‍ത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. പിന്നാലെയാണ് അധ്യാപികയെ സസ്പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ് ഉത്തരവിറക്കിയത്.

Tags:    
News Summary - False propaganda alleging that a teacher had molested a student: Hindi teacher suspended, followed by a POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.