കണ്ണൂർ: കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ കള്ളവോട്ട് സംബന്ധിച്ച് കൂടുതൽ പരാതി. കോൺഗ്രസ് 199 കള്ളവോട്ടുകളെക്കുറിച്ചും സി.പി.എം ഒരു ഇരട്ട വോട്ടിനെക്കുറിച്ചും കമീഷനും ജില്ല കലക്ടർക്കും പരാതി നൽകി. പ്രാഥമിക പരിശോധന നടത്തിയ വോട്ടുകൾ സംബന്ധിച്ചാണ് കോൺഗ്രസ് പരാതി. രണ്ടു കള്ളവോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്. മറ്റ് വോട്ടുകളുടെ വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരെൻറ ചീഫ് ഇലക്ഷൻ ഏജൻറ് കെ. സുരേന്ദ്രനാണ് കലക്ടർ മിർ മുഹമ്മദലിക്ക് പരാതി നൽകിയത്.
ധർമടം, മട്ടന്നൂർ, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലെ കള്ളവോട്ടുകളാണ് പരാതിയിലുള്ളത്. വോെട്ടടുപ്പിനിടെ ബൂത്തുകളിൽ പരാതിയായി ഉന്നയിച്ച വോട്ടുകളും ഇതിലുണ്ട്. എതിർപ്പുണ്ടായിട്ടും വോട്ട് ചെയ്യുകയായിരുന്നു. ഇതിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നു. അവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബൂത്തുതിരിച്ച് വോട്ട് ചെയ്തയാളുടെയും യഥാർഥ വോട്ടറുടെയും ക്രമനമ്പർ ഉൾപ്പെടെയാണ് പരാതി. കള്ളവോട്ട് ചെയ്തതിൽ 40 സ്ത്രീകളും ഉൾപ്പെടും.
മുസ്ലിം ലീഗ് ചെങ്ങളായി ശാഖ ജനറൽ സെക്രട്ടറി സി. അബ്ദുൽ ഖാദറിനെതിരെയാണ് എൽ.ഡി.എഫ് ചെങ്ങളായി ബൂത്ത് സെക്രട്ടറി ടി.ഒ. ശാർങ്ങധരൻ ഇരട്ട വോട്ട് പരാതി നൽകിയത്. തളിപ്പറമ്പ് 58ാം നമ്പർ ബൂത്തായ കുറുമാത്തൂർ സ്കൂളിലെ 1144 നമ്പർ വോട്ടറായി വോട്ട് രേഖപ്പെടുത്തിയ അബ്ദുൽ ഖാദർ ഇരിക്കൂറിലെ 71ാം ബൂത്തായ ചെങ്ങളായി മാപ്പിള എൽ.പി സ്കൂളിലെ 1071 നമ്പർ വോട്ടറായും വോട്ട് ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പാമ്പുരുത്തിയിലെ 166ാം നമ്പർ ബൂത്തിൽ നടന്ന കള്ളവോട്ടുമായി ബന്ധപ്പെട്ട തെളിവെടുപ്പിെൻറ റിപ്പോർട്ട് കലക്ടർ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് നൽകി.
കള്ളവോട്ടിൽ കേസ്
കാസർകോട്: കാസർകോട് മണ്ഡലത്തിലെ തൃക്കരിപ്പൂർ കൂളിയാട്ട് ഗവ. ഹൈസ്കൂളിൽ 48ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവർത്തകൻ കരക്കാട്ടെ കെ.ശ്യാംകുമാറിനെതിരെ (30) കേസെടുത്തു. ശ്യാംകുമാറിെൻറ കള്ളവോട്ട് ശരിെവച്ച് ചീഫ് ഇലക്ടറൽ ഒാഫിസർ ടിക്കാറാം മീണ കലക്ടർ ഡോ. ഡി.സജിത്ബാബുവിന് നിർദേശം നൽകുകയായിരുന്നു. ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കാൻ നിയമ ഒാഫിസർ കെ.പി. ഉണ്ണികൃഷ്ണനെ ചുമതലപ്പെടുത്തി.
24 മണിക്കൂറിനകം റിപ്പോർട്ടിന് കലക്ടർ നിർദേശം നൽകിയെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ എട്ടു ദിവസം അനുവദിച്ചു. ബൂത്തില്‍ വെബ് കാസ്റ്റിങ് നടത്തിയ കെ.ജിതേഷ്, പ്രിസൈഡിങ് ഓഫിസര്‍ ബി.കെ. ജയന്തി, പോളിങ് ഓഫിസര്‍മാരായ എം. ഉണ്ണികൃഷ്ണന്, സി.ബി. രത്നാവതി, പി. വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫിസറും സെക്ടറല്‍ ഓഫിസറുമായ എ.വി. സന്തോഷ്, ബൂത്ത് ലെവൽ ഓഫിസർ ടി.വി. ഭാസ്കരൻ എന്നിവരുടെ വീഴ്ച്ചകളുണ്ടെങ്കിലാണ് അന്വേഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.