കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ വിഡിയോ അപ് ലോഡ് ചെയ്തയാൾക്ക് മുസ്‍ലിം ലീഗുമായോ പോഷക സംഘടനകളുമായോ ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കളമശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് വളരെ ആസൂത്രിതമായി നടത്തിയ നാടകമാണ്. മലപ്പുറത്തുകാരനായത് കൊണ്ടും പേര് ലത്തീഫ് ആയതുകൊണ്ടും ലീഗാണെന്ന് ഉറപ്പിച്ചു പറയുകയാണ്. എന്നാൽ പറയുന്നവരുടെയടുത്ത് അത് തെളിയിക്കാനുള്ള എന്തെങ്കിലും വേണ്ടേ? തൃക്കാക്കരയിൽ പരാജയഭീതയിലായ മാർക്സിസ്റ്റ് പാർട്ടി എല്ലാ നാണംകെട്ട കളികളും കളിക്കുകയാണ്. അതിൽ അവസാനത്തെ കളിയാണിത്. ഇത് മരണക്കളിയാണ്.
പോളിങ് ദിവസം രാവിലെ വ്യാജ ആരോപണവുമായി വന്നാൽ അങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന തോന്നലാണ്. അതിന് പൊലീസിനെ ദുരുപയോഗം ചെയ്യുകയായിരുന്നു. പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വിഡിയോ അപ് ലോഡ് ചെയ്ത അബ്ദുൽ ലത്തീഫ് ലീഗ് പ്രവർത്തകനല്ലെന്ന് മുസ്‍ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നാണ് അബ്ദുൽ ലത്തീഫിനെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇയാൾ മുസ്‍ലിം ലീഗ് അനുഭാവിയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ച നാലുപേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.