500 രൂപ പിഴ അടക്കണമെന്ന് 'ആർ.ടി.ഒ' സന്ദേശം; ലിങ്കിൽ ക്ലിക്ക് ചെയ്ത കൊടുങ്ങല്ലൂർ സ്വദേശിക്ക് 5.88 ലക്ഷം രൂപ നഷ്ടമായി, രണ്ടാഴ്ചക്കിടെ സമാന രീതിയിൽ പണം നഷ്ടപ്പെട്ടവർ നിരവധി

കൊടുങ്ങല്ലൂർ: ഗതാഗത നിയമലംഘനമെന്ന പേരിൽ വാട്​സ്ആപ്പിൽ വന്ന സ​ന്ദേശം അനുസരിച്ച്​ പിഴ ഒടുക്കാൻ ശ്രമിച്ച യുവസംരംഭകന്‍റെ 5,88,500 രൂപ നഷ്​ടമായി. കൊടുങ്ങല്ലൂർ അഴീക്കോട്​ സ്വദേശി അബ്​ദുൽ ബാസിതിന്‍റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽനിന്നാണ്​ പണം നഷ്ടമായത്​. തട്ടിപ്പ്​ അറിഞ്ഞ ഉടൻ ബാങ്ക്​ അധികൃതരെ അറിയിച്ചിട്ടും തടയാൻ നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്​.

ബുധനാഴ്ച ഉച്ചയോടെയാണ് യുവാവിന്റെ വാട്സ്​ ആപ്പിലേക്ക് എ.പി.കെ ആയി മെസേജ് വന്നത്. ‘സിഗ്നൽ ലംഘനത്തിന് 500 രൂപ പിഴ അടക്കണമെന്നായിരുന്നു’ സന്ദേശം. കമ്പനി സംബന്ധമായ കാര്യങ്ങൾക്ക് ഒട്ടേറെ വാഹനയാത്ര ചെയ്യാറുള്ള യുവാവ് അങ്ങനെ എന്തെങ്കിലും സിഗ്നൽ ലംഘനം ഉണ്ടായിട്ടുണ്ടാകുമെന്ന ധാരണയിൽ ഫൈൻ അടക്കാൻ തുനിഞ്ഞു. മെസേജ് പ്രകാരം ആധാർ നമ്പറും പേരും ടൈപ്പ് ചെയ്തു. പിന്നീട് ഫോണിലേക്ക് തുടർച്ചയായി ഒ.ടി.പികൾ വരാൻ തുടങ്ങി.

ബാങ്കിന്റെ ആപ്പിലും കയറാൻ പറ്റാതെയായി. ഇതോടെ അക്കൗണ്ടുകളുള്ള ‘ഇൻഡസ്ഇൻഡ്​’ ബാങ്കിന്റെ കൊടുങ്ങല്ലൂർ ​ശാഖയിൽ വിവരം അറിയിച്ചു. ബാങ്കുകാർ ഗൗരവത്തോടെ എടുത്തില്ലെന്ന് ബാസിത് പറഞ്ഞു. ഇതിനിടെ ഫോൺ പതിവില്ലാത്തവിധം ചൂടാകുന്ന അനുഭവവും ഉണ്ടായി. ഇതെല്ലാം കഴിഞ്ഞ് വൈകീട്ട്​ 5.46നും ആറിനും ഇടയിലാണ് അഞ്ചു തവണയായി പണം നഷ്ടപ്പെട്ടത്. രണ്ടു പേരുടെയും അനുബന്ധ അക്കൗണ്ടുകളിൽനിന്നും അബ്ദുൽ ബാസിതിന്‍റേത് മാത്രമായ അക്കൗണ്ടിൽനിന്നുമാണ് പണം തട്ടിയെടുത്തത്.

വ്യക്തതയില്ലാത്ത ഒരുപാട് സന്ദേശങ്ങളും ഫോണിൽ വരുകയുണ്ടായി. പിറകെ വാട്സ്​ആപ്പും നഷ്ടമായി. ഇതോടെയാണ് എല്ലാം ഹാക്ക് ചെയ്യപ്പെട്ടതായും ‘ആർ.ടി.ഒ മെസേജ്’ വ്യാജമാണെന്നും വ്യക്തമായത്. സംഭവം സംബന്ധിച്ച് പൊലീസ് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. ആർ.ടി.ഒ പോലുള്ള മെസേജുകൾ കണ്ടാൽ എടുക്കാനുള്ള സാധ്യതയേറെയാണ്. ഈ കാര്യത്തിലും ജാഗ്രത അനിവാര്യമാണ്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് സമാനമായ രീതിയില്‍ പണം നഷ്ടമായി. ഒരാഴ്ച  മുൻപാണ് ബംഗളൂരുവിൽ ഒരു കർഷകന് സമാന സന്ദേശം വന്നത്. ലിങ്ക് തുറന്ന് പണം അടക്കാൻ ശ്രമിച്ചപ്പോൾ അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. 



Tags:    
News Summary - Fake message in the name of RTO; Young entrepreneur loses Rs 5.88 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.