തളിപ്പറമ്പ് (കണ്ണൂർ): വ്യാജ ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും നിർമിക്കുന്നുവെന്ന പരാതിയെത്തുടർന്ന് സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനത്തിൽ പൊലീസ് പരിശോധന. 20അംഗ പൊലീസ് സംഘം മൂന്ന് മണിക്കൂറാണ് പരിശോധന നടത്തിയത്. ശേഷം സംശയാസ്‌പദമായി ഒന്നും ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം എഴുതി നൽകിയാണ് മടങ്ങിയത്.
വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയാണ് തളിപ്പറമ്പ സി.ഐ അജിത് കുമാറിന്റെയും എസ്.ഐ കെ.എസ്. നിധിന്റെയും നേതൃത്വത്തിൽ കണ്ണൂരിലെ സൈബർ വിദഗ്‌ധരടങ്ങിയ 20 അംഗ സംഘം ഏഴാംമൈലിൽ പ്രവർത്തിക്കുന്ന ചെത്ത് തൊഴിലാളി സഹകര ണസംഘം (ടാപ്‌കോസ്) ഓഫിസിലെത്തിയത്. അരമണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് സംഘം ഓഫിസിൽ പ്രവേശിച്ചത്. സെക്രട്ടറി രജിത് കുമാറിന് കോടതി ഉത്തരവ് കാണിച്ച് റെയ്ഡ് ആരംഭിക്കുകയായിരുന്നു. പ്രിന്റിങ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മൂന്ന് കമ്പ്യൂട്ടറുകളും പ്രിന്ററും രേഖകളും ശാസ്ത്രീയമായി പരിശോധിച്ചു. സ്റ്റോക്കെടുപ്പായതിനാൽ വെള്ളിയാഴ്ച സ്ഥാപനം പ്രവർത്തിച്ചിരുന്നില്ല. രാത്രി 8.50ഓടെ റെയ്‌ഡ് പൂർത്തിയാക്കി പൊലീസ് സംഘം മടങ്ങാൻ തുനിഞ്ഞപ്പോൾ വിവരം രേഖാമൂലം എഴുതിത്തരണമെന്ന് സംഘം സെക്രട്ടറി ആവശ്യപ്പെട്ടു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി നൽകി.
സഹകരണ സംഘത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ. സന്തോഷ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥിയുടെ വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റെയ്ഡ് സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ളതാണെന്ന് ടാപ്കോസ് പ്രസിഡന്റ് നാരായണനും പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്കും ജില്ല കലക്ടർക്കും പരാതി നൽകിയതായും ടാപ്കോസ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.