വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: അബിൻ സി. രാജ് കസ്റ്റഡിയിൽ

കായംകുളം: കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രധാന കണ്ണി എസ്.എഫ്.ഐ മുൻ ഏരിയ പ്രസിഡന്റും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ അബിൻ സി. രാജിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. മാലിയിലായിരുന്ന അബിനെ രാത്രി 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചാണ് കസ്റ്റഡിയിലെടുത്തത്.

പ്രധാന പ്രതിയായ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു പിന്നാലെ അബിൻ സി. രാജും കസ്റ്റഡിയിലായതോടെ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇരുവരുടെയും സംഘടന കാലയളവിൽ സഹപ്രവർത്തകരായിരുന്നവർക്കും പാർട്ടി ചുമതലക്കാർക്കും ഇതറിയാമായിരുന്നെന്ന വിവരവും നിഖിൽ കൈമാറിയിട്ടുണ്ട്.

അബിനാണ് എറണാകുളത്തെ ഏജൻസി മുഖാന്തരം വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയതെന്നാണ് നിഗമനം. ഒന്നാം പ്രതി നിഖിൽ തോമസ് പൊലീസിന്റെ ചോദ്യങ്ങളോട് ശരിയായ നിലയിൽ പ്രതികരിക്കുന്നില്ല. കരിപ്പുഴ തോട്ടിലേക്ക് എറിഞ്ഞതായി പറയുന്ന ഫോണിനെ സംബന്ധിച്ചും വ്യക്തത വരുത്താനായില്ല.

എം.എസ്.എം കോളജിൽ അധ്യാപകർ ഇല്ലാതിരുന്നതിനാൽ തിങ്കളാഴ്ച തെളിവെടുപ്പുണ്ടായില്ല. സർട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ സ്ഥാപനത്തിലെത്തിച്ച് ചൊവ്വാഴ്ച തെളിവെടുപ്പ് നടത്താനാകുമോയെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നു. നിരവധി പേർ വ്യാജ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയെന്ന ആക്ഷേപവും ഉയരുന്നു.

Tags:    
News Summary - Fake Graduation Certificate Case: Abin C. Raj in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.