തരൂർ വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച; കെ.പി.സി.സി ഭാരവാഹി യോഗത്തിൽ വിമർശനം

തിരുവനന്തപുരം: പൊതുയോഗങ്ങളുൾപ്പെടെ ശശി തരൂരിന്‍റെ കേരള പര്യടനവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതിൽ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് കെ.പി.സി.സി ഭാരവാഹി യോഗത്തിൽ വിമർശനം. മത്സരിക്കാനില്ലെന്ന ചില എം.പിമാരുടെ പരസ്യപ്രതികരണത്തിനെതിരെയും വിമർശനമുയർന്നു. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വിമർശനം.

പാർട്ടിയെ ജനങ്ങളുമായി അടുപ്പിക്കാനുള്ള തരൂരിന്‍റെ നീക്കം ഗുണകരമാണ്. അത് പാർട്ടി പ്രയോജനപ്പെടുത്തുന്നതിന് പകരം അദ്ദേഹത്തെ വിലക്കാൻ ശ്രമിച്ചതും യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതും ഗുണകരമല്ല. അത്തരം നീക്കങ്ങൾ അനാവശ്യ വിവാദം സൃഷ്ടിക്കാനേ ഉപകരിക്കൂ. തരൂരിനെ മറയാക്കി പാർട്ടിയിൽ ശൈഥില്യമുണ്ടാക്കാൻ ആരെങ്കിലും ബോധപൂർവം ശ്രമിക്കുന്നെങ്കിൽ അത് തടയണമെന്നും ആവശ്യമുയർന്നു. സംസ്ഥാന ഭരണത്തിലെ വീഴ്ചകൾ മറയ്ക്കാൻ തരൂർ വിഷയവും കെ.പി.സി.സി ഫണ്ടും സി.പി.എം ദുരുപയോഗിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.

സ്ഥാനാർഥിത്വം ഉൾപ്പെടെ എം.പിമാർ നടത്തുന്ന പരസ്യപ്രതികരണം ഗുണകരമല്ല. അവരെ നിലക്കുനിർത്താൻ കെ.പി.സി.സി പ്രസിഡന്‍റ് തയാറാകണം. ടി.എൻ. പ്രതാപന്‍റെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. ഡി.സി.സി തലംവരെയുള്ള പാർട്ടി പുനഃസംഘടനക്ക് രൂപംനൽകിയിട്ടുള്ള ജില്ല സമിതികളുടെ വലിപ്പത്തിനെതിരെയും വിമർശനമുയർന്നു.

അഞ്ചുവർഷം കഴിഞ്ഞവരെ ഭാരവാഹിത്വത്തിൽനിന്ന് നീക്കണമെന്ന നിർദേശത്തോട് വിയോജിപ്പുയർന്നു. ഭാരവാഹിത്വത്തിൽ പത്ത് വർഷമെങ്കിലും കഴിയാത്തവരെ ഒഴിവാക്കരുതെന്ന പൊതുവികാരമുണ്ടായി. പുനഃസംഘടന മാനദണ്ഡം വ്യാഴാഴ്ച ചേരുന്ന നിർവാഹകസമിതി യോഗം ചർച്ചചെയ്ത് അന്തിമമാക്കും.കെ.പി.സി.സി ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ഊഹാപോഹങ്ങളിൽ അടിസ്ഥാനമില്ലെന്ന് വിലയിരുത്തി.

137 രൂപ ചലഞ്ചിൽ ലഭിച്ച മുഴുവൻ തുകയും അക്കൗണ്ടിൽ വന്നെന്ന് കണക്കുകൾ അവതരിപ്പിച്ച് ഭാരവാഹികളെ ബോധ്യപ്പെടുത്തി. ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് ചിലർ ആരോപിച്ചു.വ്യാഴാഴ്ച നടക്കുന്ന നിർവാഹകസമിതി യോഗത്തിന് മുന്നോടിയായാണ് ബുധനാഴ്ച ഭാരവാഹികളുടെ യോഗം ചേർന്നത്.

Tags:    
News Summary - Failure to handle Tharoor issue; Criticism at the KPCC office bearer meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.