ആലപ്പുഴ: ഈഴവർക്ക് കോണ്‍ഗ്രസിലും ബി.ജെ.പിയിലും അവഗണനയെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തമ്മിൽ ഭേദം സി.പി.എമ്മാണ്. ഇടതുപക്ഷവും ചില സ്ഥാനമാനങ്ങളില്‍ ഈഴവരെ അവഗണിക്കുന്നുണ്ട്. എസ്.എൻ.ഡി.പി മുഖപത്രമായ ‘യോഗനാദ’ത്തിലെ ‘ഈഴവർ വെറും കറിവേപ്പിലയോ?’ എന്ന മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ്. വന്നുവന്ന് അവിടെ കെ. ബാബു എന്ന ഒരു ഈഴവ എം.എല്‍.എ മാത്രമേയുള്ളൂ. കെ.പി.സി.സി പ്രസിഡന്‍റ് പോലും തഴയപ്പെടുന്നു. ഒരുപക്ഷേ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒരു ഈഴവൻപോലും പദവിയില്‍ ഇല്ലാതാകും. ഓഫിസിലുള്ള ചിലർ മുഖ്യമന്ത്രിക്ക് കളങ്കമുണ്ടാക്കുന്ന വിധമാണ് പ്രവർത്തിക്കുന്നത്. പാവപ്പെട്ടവർക്കുവേണ്ടി പിണറായി സർക്കാർ ഒട്ടേറെ കാര്യം ചെയ്യുന്നുണ്ടെങ്കിലും അതിനെ നിഷ്‌പ്രഭമാക്കുന്ന നടപടിയാണ് ഓഫിസിലെ ചിലർ ചെയ്യുന്നത്. പാർട്ടി നേതാക്കളും അണികളുംവരെ ദുരനുഭവങ്ങളുടെ ഇരകളാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും വിമര്‍ശനമുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ സി.പി.എമ്മിന് സാധിച്ചിട്ടില്ല. ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെയോ നേതൃനിരയെയോ വളർത്തിയെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.
ദാനം ചോദിച്ചാണ് മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതെങ്കിൽ ഈഴവരെ പച്ചക്ക് വഞ്ചിച്ചും അപമാനിച്ചുമാണ് രാഷ്ട്രീയക്കാർ പാതാളത്തിലേക്ക് വിടുന്നത്. എത്ര ചവിട്ടുകൊണ്ടാലും ഈഴവർ തൊഴുതുതന്നെ നിൽക്കണമെന്ന അവരുടെ ചിന്താഗതിക്ക് മറുപടി കൊടുക്കേണ്ട കാലം എന്നേ കഴിഞ്ഞുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.