കനത്ത ചൂട്, നേരിട്ടുള്ള വെയില്‍ കൊള്ളരുത്- വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ശരീരത്തില്‍ നിന്നും അമിതമായ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ നട്ടുച്ചയ്‌ക്കോ സൂര്യനുമായി നേരിട്ട് ബന്ധപ്പെടുമ്പോഴോ മാത്രം ഉണ്ടാകണമെന്നില്ല. പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകാം. അതിനാല്‍ ഇത്തരക്കാര്‍ക്ക് ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയ കൂടുതലായി നല്‍കണം. പ്രായാധിക്യമുള്ളവര്‍, രോഗികള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ കിടക്കുന്നിടത്ത് വായൂ സഞ്ചാരം ഉറപ്പാക്കുക.

സൂര്യാഘാതം മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകാമെന്നതിനാല്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കുക. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണ്‍ ഡൈഓക്‌സൈഡ് ചേര്‍ത്തതുമായ വിവിധതരം പാനീയങ്ങള്‍ വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം. എല്ലാത്തരം മദ്യവും നിര്‍ജലീകരണത്തിന് കാരണമാകുമെന്നതിനാല്‍ വളരെ ശ്രദ്ധിക്കണം.

ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. അതുപോലെ തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം.

എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയതോ ചൂട് വര്‍ധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങള്‍ മാറ്റുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുകയോ ഫാനോ എ.സി.യോ ഉപയോഗിക്കുകയോ ചെയ്യുക. ഡോക്ടറെ കാണിച്ച് ചികിത്സ തേടുക.

വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കണം. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതാണ് നല്ലത്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടക്കിടക്ക് കുടിക്കണം.

യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നതാണ് നല്ലത്. തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കണം. കുട്ടികള്‍ക്ക് ഇടക്കിടക്ക് വെള്ളം നല്‍കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കണം. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളേയും പ്രായമായവരേയും ഇരുത്തിയിട്ട് പോകാതിരിക്കണം. ചൂടിന്റെ കാഠിന്യം കുറക്കാന്‍ പകല്‍ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം. വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കണം. കടകളിലും ഹോട്ടലുകളിലും ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാണെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശിച്ചു. 

Tags:    
News Summary - Extreme heat, avoid direct sunlight - Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.