സർവകലാശാല പരീക്ഷകളിൽ മോഡറേഷൻ വേണ്ടെന്ന് പരീക്ഷ പരിഷ്കരണ കമീഷൻ ശിപാർശ

തിരുവനന്തപുരം: സർവകലാശാല പരീക്ഷകളിൽ വിജയശതമാനം ഉയർത്താൻ ലക്ഷ്യമിട്ടുള്ള മോഡറേഷൻ ഒഴിവാക്കാൻ സർക്കാർ നിയോഗിച്ച പരീക്ഷ പരിഷ്കരണ കമീഷൻ ശിപാർശ. സർവകലാശാലകൾ മോഡറേഷൻ നയം രൂപവത്കരിച്ച് നടപ്പാക്കണമെന്നും എം.ജി സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സർവകലാശാല പാഠ്യപദ്ധതികൾ പഠനനേട്ടം ഉറപ്പുവരുത്തുന്ന (ഔട്ട്-കം ബേസ്ഡ്) രീതിയിൽ പരിഷ്കരിക്കാനുള്ള നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനനുസൃതമായി നവീന മൂല്യനിർണയരീതി നടപ്പാക്കണം. പാഠ്യപദ്ധതി മുതൽ മൂല്യനിർണയ രീതി വരെ പരിഷ്കരിക്കുന്ന പ്രവർത്തനങ്ങൾക്കും അധ്യാപക പരിശീലനത്തിനുമായി സർവകലാശാലകളിൽ പാഠ്യപദ്ധതി വികസന കേന്ദ്രം സ്ഥാപിക്കണം.

മുൻ സെമസ്റ്ററുകളിൽ വിജയിക്കുകയും അവസാന വർഷത്തെ രണ്ട് സെമസ്റ്ററിൽ രണ്ട് കോഴ്സുകളിൽ (പേപ്പറുകൾ) കൂടാത്ത പരീക്ഷകളിൽ പരാജയപ്പെടുകയും ചെയ്ത വിദ്യാർഥികൾക്ക് വർഷം നഷ്ടപ്പെടാത്ത രീതിയിൽ (സേ) പ്രത്യേക സപ്ലിമെന്‍ററി പരീക്ഷ നടത്താം. അവസാന സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ച് മൂന്നുമാസത്തിനകം ഈ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കണം.

അവസാന പരീക്ഷ പൂർത്തിയായി 30 ദിവസത്തിനകം ഫലം പ്രഖ്യാപിക്കണം. ഫലം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം പ്രൊവിഷനൽ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റ്/ ഗ്രേഡ് കാർഡും 30 ദിവസത്തിനകം ബിരുദ സർട്ടിഫിക്കറ്റും ലഭ്യമാക്കണം. രജിസ്ട്രാർമാരായ ഡോ. കെ.എസ്. അനിൽകുമാർ (കേരള), ഡോ.എ. പ്രവീൺ (കെ.ടി.യു), കാലിക്കറ്റ് മുൻ രജിസ്ട്രാർ ഡോ.സി.എൽ. ജോഷി എന്നിവരാണ് കമീഷൻ അംഗങ്ങൾ. റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന് കൈമാറി. 

 മറ്റ് പ്രധാന ശിപാർശകൾ

●പരീക്ഷകൾക്ക് ഏകീകൃത ഗ്രേഡിങ് പാറ്റേൺ; യു.ജി.സി നിർദേശിച്ച 10 പോയന്‍റ് ഗ്രേഡിങ് രീതി അനുയോജ്യം.

●ബിരുദ, പി.ജി പ്രവേശനം ജൂൺ/ ജൂലൈയിൽ പൂർത്തിയാക്കണം.

●വിദ്യാർഥികൾക്കും അധ്യാപകർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തണം.

●സെമസ്റ്ററുകൾക്കിടയിൽ ഇടവേള അനുവദിക്കണം; സ്കീം മാറ്റത്തിനുശേഷം പഠനം പൂർത്തീകരിക്കാൻ അവസരം.

●അക്കാദമിക് ക്രെഡിറ്റ് കൈമാറ്റം ചെയ്യാൻ ഏകീകൃത സംവിധാനം.

●ബിരുദ, പി.ജി കോഴ്സ് തിയറി, ഇന്‍റേണൽ മാർക്ക് അനുപാതം നിലവിലുള്ള 80:20 എന്നത് 60:40 ആക്കാം.

●40 ശതമാനം ഇന്‍റേണൽ അസസ്മെന്‍റിൽ 50 ശതമാനം എഴുത്തുപരീക്ഷയിലൂടെ വിലയിരുത്തണം.

●ക്ലാസ് റൂം ഹാജർ മൂല്യനിർണയത്തിന് മാനദണ്ഡമാക്കേണ്ട.

●ഇന്‍റേണൽ അസസ്മെന്‍റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ത്രിതല സംവിധാനം.

●ത്രിവത്സര ബിരുദ പരീക്ഷകളുടെ ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകളും പി.ജി ഉൾപ്പെടെ ദ്വിവത്സര കോഴ്സുകളുടെ ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകളും കോളജുകൾ നടത്തണം.

●മൂന്നു വർഷത്തിൽ കൂടുതൽ ദൈർഘ്യമുള്ള കോഴ്സുകളുടെ ഒന്ന്, രണ്ട്, അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകൾ കോളജുകൾ നടത്തണം. ചോദ്യപേപ്പർ സർവകലാശാല തയാറാക്കണം.

●കോളജ്തല പരീക്ഷകൾ നിരീക്ഷിക്കാൻ സർവകലാശാലതല സംവിധാനം.

●കോളജുകളിൽ സുസജ്ജമായ കൗൺസലിങ് സെൻറർ വേണം.

●സർവകലാശാലകളിൽ ഡിജിറ്റൽ ചോദ്യബാങ്കും ഓൺലൈൻ ചോദ്യപേപ്പർ കൈമാറ്റവും നടപ്പാക്കണം.

●ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിങ്ങിന് പകരം ബാർ കോഡ്/ ക്യു.ആർ കോഡ് സമ്പ്രദായം.

●മാർക്ക്/ ഗ്രേഡ് സർവകലാശാല പോർട്ടലിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാം.

● പഠന നേട്ടം ഉറപ്പുവരുത്തുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്കരിക്കണം.

●പി.ജി കോഴ്സിലേക്ക് ദേശീയതല പ്രവേശന പരീക്ഷ.

Tags:    
News Summary - Examination Reform Commission recommends no moderation in university examinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.