പരീക്ഷ ക്രമക്കേട്; അന്വേഷണം കോച്ചിങ് സെന്‍ററുകളിലേക്കും

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം പി.എസ്.സി കോച്ചിങ് സെന്‍ററുകളിലേക്കും ചില സർവകലാശാലകളിലേക്കും നീങ്ങും. മൂന്ന് പുതിയ കേസുകൾ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എ.എം.വി.ഐ), വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷകളിൽ ബാഹ്യ ഇടപെടലുകൾ വ്യക്തമാക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

പി.എസ്.സി കോച്ചിങ് സെന്‍ററുകളിലേക്കും സർവകലാശാലകളിലെ ചില അധ്യാപകരിലേക്കും അന്വേഷണം നീങ്ങുമെന്ന നിലക്കാണ് കാര്യങ്ങൾ. മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ പ്രമുഖ പി.എസ്.സി കോച്ചിങ് സെന്‍റർ തയാറാക്കിയ ചോദ്യങ്ങൾ അതേപടി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതായി എസ്.ഐ.ടിയുടെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ ഉൾപ്പെട്ടവരിലേറെയും ഫിഷറീസ് സർവകലാശാലയിലെ വിദ്യാർഥികളാണ്. ഈ പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കിയതും ഇന്‍റർവ്യു ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവകലാശാലയിലെ അധ്യാപകരാണെന്നും എസ്.എഫ്.ഐ പ്രവർത്തകർക്കും യൂനിയൻ നേതാക്കൾക്കുമായി ക്രമക്കേട് നടത്തിയെന്ന ഉദ്യോഗാർഥികളുടെ ആരോപണവും നിലവിലുണ്ട്. ഇക്കാര്യവും ശരിവക്കുന്ന നിലക്കാണ് എസ്.ഐ.ടി നീക്കം. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലാതിരുന്നിട്ടും പി.എസ്.സിയിലെ ഉദ്യോഗസ്ഥന്‍റെ അടുത്ത ബന്ധുവിന് അനധികൃതമായി നിയമനം നൽകിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനവുമായി ബന്ധപ്പെട്ട് പി.എസ്.സിയിൽ കൃത്രിമവും വിചിത്രമായ നടപടികളുമുണ്ടായതായ വിവരങ്ങളും പുറത്തുവരുന്നു. ഡയറി മൈക്രോബയോളജി യോഗ്യത ആവശ്യമുള്ള ഉന്നത തസ്തികയിലേക്ക് വെറും മൈക്രോബയോളജി മാത്രം യോഗ്യതയാക്കി മാറ്റിയാണ് പി.എസ്.സി പരീക്ഷ നടത്തിയത്. 2024ൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 2026 സെപ്റ്റംബറിൽ ഒരു ഉദ്യോഗാർഥിക്ക് നിയമന ഉത്തരവും നൽകി. എന്നാൽ ഈ ഉത്തരവുമായി എത്തിയ ആളെ ജോലിയിൽ പ്രവേശിക്കാൻ മിൽമ അധികൃതർ തയാറായിട്ടില്ല. ഇതെല്ലാം പി.എസ്.സിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്.

Tags:    
News Summary - Exam Irregularities: Probe Expands to Coaching Centres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.