പേര് നീക്കം ചെയ്തില്ല; ഉമ്മൻ ചാണ്ടിയും വോട്ടർ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടറായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന്​ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിലാണ്​ അദ്ദേഹത്തിന്‍റെ പേരും ഇടംപിടിച്ചത്​. വർഷങ്ങളായി ഉമ്മൻ ചാണ്ടി വോട്ട്​ ചെയ്തിരുന്ന പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126ാം നമ്പർ ബൂത്ത്​ വോട്ടർ പട്ടികയിൽ 647ാം ക്രമനമ്പറായാണ് പേരുണ്ടായിരുന്നത്​. വോട്ടർ പട്ടികയിലെ പേര് പേനകൊണ്ട് വെട്ടിനീക്കിയിരുന്നു. ഈ ബൂത്തിലാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി ചാണ്ടി ഉമ്മൻ അടക്കം കുടുംബാംഗങ്ങളും വോട്ട്​ ചെയ്തത്​.

വോട്ടർ മരിച്ചാൽ പൊതുവെ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കാൻ​ സ്വാഭാവികമായ നടപടിക്രമം പാലിക്കാനായുള്ള കാലതാമസം ഉണ്ടാകാറുണ്ട്. അതാണ്​ ഈ വിഷയത്തിലുമുണ്ടായതെന്നാണ്​ അധികൃതരുടെ വിശദീകരണം. മരണവിവരം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ശേഷം ആ വിവരം അതത് മേഖലയിലെ ബൂത്തുതല ഓഫിസർ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതാണ്​ കീഴ്​വഴക്കം. തുടർന്നാണ് വോട്ടർ പട്ടികയിൽനിന്ന് മരിച്ച വോട്ടറുടെ പേര് ഒഴിവാക്കുക. ജൂലൈ 18നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിയോഗം. എന്നാൽ, അതിനെ തുടർന്നാണ്​ പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ്​ വന്നത്​. ആഗസ്റ്റ്​ പത്തിനാണ്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചുള്ള വിജ്ഞാപനം വന്നത്​. എന്തുകൊണ്ടാണ്​ ഉമ്മൻ ചാണ്ടിയുടെ പേര്​ നീക്കാത്തതന്ന കാര്യത്തിൽ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല.

53 വർഷമായി പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടി എല്ലാ തെരഞ്ഞെടുപ്പിലും കുടുംബത്തോടൊപ്പം പുതുപ്പള്ളി ജോർജിയൻ സ്കൂളിൽ എത്തിയാണ് വോട്ട്​ ചെയ്തിരുന്നത്​. രാവിലെ സ്കൂളിന്​ സമീപത്തെ സഹോദരി വത്സമ്മയുടെ വീട്ടിൽ വന്ന്​ ഭാര്യ മറിയാമ്മ ഉമ്മനിൽനിന്ന്​ സ്ലിപ്​ വാങ്ങി അവർക്കും കുടുംബത്തിനുമൊപ്പം സ്കൂളിലേക്ക്​ നടന്നെത്തി വോട്ട്​ ചെയ്യുന്ന രീതിയാണ്​ പിന്തുടർന്ന് വന്നിരുന്നത്​. അതേ രീതിയാണ്​ ചൊവ്വാഴ്ച മകൻ ചാണ്ടി ഉമ്മനും കൈക്കൊണ്ടത്​. 

Tags:    
News Summary - Evaluation of Puthuppally by-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.