ന്യൂറോ സര്‍ജറി വിഭാഗത്തില്‍ നൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയകരമാക്കി എറണാകുളം ജനറല്‍ ആശുപത്രി

കൊച്ചി: ന്യൂറോ സര്‍ജറി വിഭാഗത്തില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എറണാകുളം ജനറല്‍ ആശുപത്രി. കടുത്ത നടുവേദനക്കും കാലുകളുടെ മരവിപ്പിനും ബലക്ഷയത്തിനും കാരണമാകുന്ന നട്ടെല്ലിലെ ഡിസ്‌ക് തള്ളലിനുള്ള സങ്കീര്‍ണ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ദേശിയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ ആരംഭിച്ച മിനിമലി ഇന്‍വേസീവ് ഡിസെക്ടമി എന്ന സര്‍ജറി രീതി പരാമ്പരാഗത ന്യൂറോ ശസ്ത്രക്രിയയെ അപേക്ഷിച്ച് സവിശേഷമായ നിരവധി ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.

തലച്ചോറിനേയും നട്ടെലിനെയും ബാധിക്കുന്ന പരുക്കുകള്‍, അണുബാധ, രക്തസ്രാവം, ട്യൂമര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രധാന ശസ്ത്രക്രിയകള്‍ക്കുള്ള സൗകര്യങ്ങള്‍ എറണാകുളം ജനറല്‍ ആശുപ്രതി ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ഷാഹിര്‍ഷ അറിയിച്ചു.

സര്‍ജിക്കല്‍ മൈക്രോസ്‌കോപ്പി, സി- ആം (സി- എ.ആർ.എം), സി.യു.എസ്.എ തുടങ്ങിയ നൂതന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ശാസ്ത്രക്രിയകള്‍ രോഗികള്‍ക്ക് ഗുണപ്രദമാവുമെന്നും സൂപ്രണ്ട് പറഞ്ഞു. ന്യൂറോ സര്‍ജന്‍ ഡോ. കെ.കെ വിനീത്, അനസ്‌തെറ്റിസ്മാരായ ഡോ. മധു, ഡോ. ടെസ്സി ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് നിലവില്‍ ന്യൂറോ സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുന്നത്.

പൊതുമേഖല ആശുപത്രികളില്‍ ഇത്തരം ശസ്ത്രക്രിയ ചെയ്യുന്നത് വളരെ വിരളമാണ്. എറണാകുളം ജനറല്‍ മിനിമലി ഇന്‍വേസീവ് ഡിസെക്ടമി സര്‍ജറി പ്രോഗ്രാമിന്റെ ആരംഭത്തോടെ ജില്ലയിലെ നിര്‍ധനരായ ന്യൂറോ രോഗികള്‍ക്ക് ചെലവുകുറഞ്ഞ നിരക്കില്‍ ഈ സേവനം ലഭ്യമാകുന്നു. എല്ലാ ബുധനാഴ്ചകളിലും, ശനിയാഴ്ചകളിലും ന്യൂറോ സര്‍ജറി ഒ.പിയും വ്യാഴാച്ചകളില്‍ ഓപ്പറേഷനുകളും ഉണ്ടായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Tags:    
News Summary - Ernakulam General Hospital successfully performed advanced keyhole surgery in neurosurgery department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.