കൊച്ചി: അതിജീവനത്തിെൻറ പാതയിലെ സഞ്ചാരത്തിലാണ് എറണാകുളം ജില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് കൂടുതൽ പേർ വീടുകളിലേക്ക് മടങ്ങി. പറവൂർ, ആലുവ, പിഴല, കടമക്കുടി മേഖലകളിൽനിന്ന് വിവിധ ക്യാമ്പുകളിലായി താമസിച്ചുവന്നവർ ദിവസങ്ങളായി വീടുകൾ ശുചീകരിക്കുകയായിരുന്നു. രാവിലെ വീടുകളിലെത്തി വൃത്തിയാക്കിയശേഷം വൈകീട്ട് ക്യാമ്പുകളിൽ എത്തി ഉറങ്ങി. ഘട്ടംഘട്ടമായി നടന്ന ശുചീകരണത്തിനുശേഷമാണ് ആളുകൾ വീടുകളിലേക്ക് എത്തുന്നത്.
അതേസമയം, നിലവിൽ 111 ക്യാമ്പുകളിലായി 15,325 കുടുംബങ്ങളിൽനിന്ന് 56,492 പേരാണ് താമസിക്കുന്നത്. ജില്ലയിൽ 859 ക്യാമ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചു. 88,808 കുടുംബങ്ങളിൽനിന്നുള്ള 3,38,578 പേർ വീടുകളിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ആലുവ താലൂക്കിൽ 20,046 പേർ, പറവൂരിൽ 55103 പേർ, കണയന്നൂരിൽ 2,364 പേർ, കൊച്ചിയിൽ 194 പേർ എന്നിങ്ങനെ വീടുകളിലേക്ക് പോയി.
എറണാകുളം നഗരത്തിലെ ഭൂരിഭാഗം ക്യാമ്പുകളും പ്രവർത്തനം അവസാനിപ്പിച്ചു. റെയിൽ, റോഡ് ഗതാഗതം സാധാരണ നിലയിലായി. 29ന് നെടുമ്പാശ്ശേരി വഴി വ്യോമഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. പ്രളയബാധിത മേഖലകളിൽ പഞ്ചായത്ത് തലത്തിൽ ശുചീകരണം പുരോഗമിക്കുകയാണ്. രണ്ട് ദിവസത്തിനകം ശുചീകരണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സംവിധാനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ. ഒഴിയുന്ന ക്യാമ്പുകളുെട ശുചീകരണം അടിയന്തരമായി പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചു.
തിരുവോണത്തിന് അവധിയെടുക്കാതെ സർക്കാർ ഉദ്യോഗസ്ഥരടക്കം റിലീഫ് പ്രവർത്തനങ്ങളിലും ശുചീകരണത്തിലും പങ്കുചേർന്നു. ക്യാമ്പുകളിൽ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഓണാഘോഷം സംഘടിപ്പിച്ചു. പ്രളയബാധിത മേഖലകളിൽ അനധികൃതമായി മെഡിക്കൽ ക്യാമ്പുകൾ നടത്തരുതെന്ന് എറണാകുളം ജില്ല മെഡിക്കൽ ഓഫിസർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.