നാല് വര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കും-എം.വി ഗോവിന്ദന്‍

കോഴിക്കോട് : വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സമ്പൂർണ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുമെന്ന് എം.വി ഗോവിന്ദന്‍. അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായ മൈക്രോ പ്ലാനുകളുടെ നിര്‍വ്വഹണത്തിനായി തദ്ദേശ സ്വയംഭരണസ്ഥാപന അസോസിയേഷനുകളുടെ ഭാരവാഹികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യം പൂര്‍ത്തിയായി കഴിഞ്ഞു. കേരളത്തില്‍ 64006 അതി ദരിദ്രരുണ്ട് എന്നാണ് പഠനങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്. ഇവരെ പൊതുസമൂഹത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുകയാണ് നമുക്ക് മുന്നിലുള്ള അടുത്ത ദൗത്യം. ആളുകളെ കണ്ടെത്തുന്നതിനേക്കാള്‍ ശ്രമകരമായ കാര്യമാണിത്. ഇവിടെയാണ് മൈക്രോ പ്ലാനുകളുടെ പ്രസക്തി.

പ്രധാനമായും സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട്, ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് അഭയകേന്ദ്രം, ഭക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങളായിരിക്കും ഈ വിഭാഗത്തില്‍ വരുന്നവര്‍ക്ക് ആവശ്യമായിവരുക. ഇക്കാര്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സഹകരണ മേഖലയുടെയും, സന്നദ്ധ സംഘടനകളുടെയും, പ്രവാസി സംഘടനകളുടെയും, യുവജന സംഘടനകളുടെയും തുടങ്ങി സഹകരിക്കാന്‍ താത്പര്യമുള്ളവരെ എല്ലാവരെയും പ്രയോജനപ്പെടുത്താവുന്നതാണ്.

വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ പട്ടിണി അനുഭവിക്കുന്ന, പാര്‍പ്പിടമില്ലാത്ത, ആശ്രയമില്ലാത്ത ഒരാള്‍ പോലും സംസ്ഥാനത്തുണ്ടാകരുതെന്നും ദൗത്യത്തെ ചരിത്ര നിയോഗമായി കണ്ട് കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ഭാരവാഹികളായ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് പല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉര്‍ന്നുവന്നു. അതല്ലാം ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് അന്തിമ മാര്‍ഗരേഖ ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം ഗസ്റ്റ് ഹൗസ് ബാൻക്വറ്റ് ഹാളിൽ കിലയുടെ സഹകരണത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍,

മേയേഴ്‌സ് കൗണ്‍സിലിന്റെയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്റെയും, മുനിസിപ്പല്‍ ചേംബറിന്റെയും, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്റെയും, ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെയും ഭാരവാഹികളായ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

Tags:    
News Summary - Eradication of extreme poverty will be possible in four years - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.