ചിത്രത്തിലില്ലാത്ത ‘വില്ലന്‍’

കണ്ണൂര്‍: പാര്‍ട്ടിയുമായി ഒരിക്കലും നേരിട്ട് ബന്ധമില്ലാതിരുന്ന ഭാര്യാസഹോദരി പുത്രന്‍ സുധീര്‍ നമ്പ്യാറെ പൊതുമേഖലാ സ്ഥാപനത്തില്‍ ഉന്നതപദവിയില്‍ നിയമിച്ചതോടെ ആരംഭിച്ച ബന്ധുനിയമന വിവാദം കലാശിച്ചത് ഇ.പി. ജയരാജന്‍െറ രാജിയില്‍. പഠനകാലത്തോ തുടര്‍ജീവിതത്തിലോ സി.പി.എമ്മുമായോ വര്‍ഗബഹുജന സംഘടനകളുമായോ സുധീര്‍ ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. സംസ്ഥാനത്തെ മഹിളാരാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവിന്‍െറ മകന്‍കൂടിയായിട്ടും സുധീര്‍ വിദ്യാര്‍ഥി-യുവജനസംഘടനാ രാഷ്ട്രീയത്തിന്‍െറ ഭാഗവാക്കായിരുന്നില്ല.

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഇ.പി. ജയരാജന്‍െറ കുടുംബാംഗങ്ങളോടൊപ്പം സുധീര്‍ നമ്പ്യാര്‍ (ഇടത്തേയറ്റം, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം)
 

പയ്യന്നൂര്‍ കോളജിലെ പ്രീഡിഗ്രി പഠനത്തിനിടെ സസ്പെന്‍ഷനിലായി പിന്നീട് എസ്. എന്‍ കോളജിലാണ് സുധീര്‍ പഠനം തുടര്‍ന്നത്. തുടര്‍ന്ന് വിവിധ ബിസിനസുകളിലേര്‍പ്പെട്ട അദ്ദേഹം കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തും വിവാദത്തില്‍പെട്ടു. പി.കെ. ശ്രീമതി മന്ത്രിയായപ്പോള്‍ സുധീറിന്‍െറ ഭാര്യ ധന്യയെ മന്ത്രിമന്ദിരത്തില്‍ നിയമിച്ച സംഭവമാണ് അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാമെന്ന ഉത്തരവിലൂടെ സുധീറിന്‍െറ ഭാര്യ ധന്യക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ശ്രമം വിവാദമായപ്പോള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇടപെട്ട് നിയമനംതന്നെ റദ്ദാക്കിപ്പിക്കുകയായിരുന്നു.  

സുധീര്‍ നമ്പ്യാറെ വ്യവസായവകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസിന്‍െറ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചതോടെയാണ് ബന്ധുനിയമനവിവാദം ഉയര്‍ന്നുവന്നത്. പിന്നീടിങ്ങോട്ട് വ്യവസായവകുപ്പിന് കീഴിലെ ഓരോ നിയമനങ്ങളും സംശയത്തിന്‍െറ നിഴലില്‍പെട്ടു. കേരള ക്ളേസ് ആന്‍ഡ് സിറാമിക്സില്‍ ജനറല്‍ മാനേജറായി നിയമിതയായ ദീപ്തി നിഷാദ് ജയരാജന്‍െറ സഹോദരന്‍ ഭാര്‍ഗവന്‍ നമ്പ്യാരുടെ മകന്‍ നിഷാദിന്‍െറ ഭാര്യയാണെന്ന വിവരവും പുറത്തുവന്നു. സുധീറിന്‍െറ നിയമനം വിവാദമായതോടെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമിച്ചതെന്ന വിശദീകരണവുമായി മന്ത്രി ജയരാജന്‍ രംഗത്തത്തെിയിരുന്നു. എന്നാല്‍, സംഭവം ഗൗരവമുള്ളതാണെന്നും നടപടി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ സുധീര്‍ നമ്പ്യാര്‍ തല്‍സ്ഥാനം ഏറ്റെടുത്തിട്ടില്ളെന്നും നിയമന ഉത്തരവ് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റദ്ദാക്കിയതായും മന്ത്രി ഇ.പി. ജയരാജന്‍ മാധ്യമങ്ങളെ അറിയിച്ചെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ദീപ്തി നിഷാദിന്‍േറതുള്‍പ്പെടെയുള്ള അനധികൃത നിയമനങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയായി. പാര്‍ട്ടി ബന്ധുപോലുമല്ലാത്ത ദീപ്തിയുടെ നിയമനത്തിനെതിരെ മൊറാഴ ലോക്കല്‍ കമ്മിറ്റിതന്നെ പരാതിയുമായി രംഗത്തത്തെിയതോടെ ദീപ്തിയും രാജിവെച്ചൊഴിഞ്ഞെങ്കിലും അപ്പോഴേക്കും ജയരാജന്‍െറ മന്ത്രിസ്ഥാനത്തിന് ഇളക്കംതട്ടിയിരുന്നു.

Tags:    
News Summary - ep jayarajan's resignation: sudheer nambiar- villain behind the scene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.