തിരുവനന്തപുരം: തെറ്റ് ചെയ്യാത്തതിനാൽ കോടതി നടപടികളെ ഭയപ്പെടുന്നില്ലെന്ന് ഇ.പി ജയരാജൻ. കേസെടുത്തത് സ്വാഭാവിക നടപടിയാണ്. ഒരു പരാതി ലഭിച്ചാൽ ഏത് കോടതിയും അന്വേഷിക്കാൻ ഉത്തരവിടും. കോടതി ഉത്തരവ് തിരിച്ചടിയല്ല. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ കൈയേറ്റം ചെയ്ത കേസിൽ മുൻ മന്ത്രി ഇ. പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അടക്കമുള്ളവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകിയിരുന്നു.
മനപ്പൂർവമല്ലാത്ത നരഹത്യ, വധ ശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയുവാനാണ് കോടതി നിർദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് ലെനി തോമസിന്റേതാണ് ഉത്തരവ്. ഇ.പി ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളായ അനിൽ കുമാർ, സുനീഷ് വി.എം എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക.
ജൂൺ 14ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പറന്ന ഇൻഡിഗോ വിമാനത്തിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. മുഖ്യമന്ത്രിക്കൊപ്പം യാത്രചെയ്ത ജയരാജൻ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുതള്ളുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് ഇൻഡിഗോ വിമാനത്തിൽ യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.