എന്‍ജിനീയറിങ് കോഴ്സുകള്‍ ഏകീകരിച്ച് എണ്ണം കുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോഴ്സുകളുടെ ഏകീകരണത്തിന് എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല അക്കാദമിക് കമ്മിറ്റിയുടെ അംഗീകാരം. അടുത്ത അധ്യയനവര്‍ഷം നടപ്പില്‍ വരുത്താന്‍ ലക്ഷ്യമിടുന്ന പരിഷ്കാരം വഴി ബി.ടെക്കിന് നിലവില്‍ 28 ബ്രാഞ്ച് ഉള്ളത് 19 ആയി കുറയും. 105 എം.ടെക് കോഴ്സുകള്‍ 32 ആയും കുറക്കും. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍െറ (എ.ഐ.സി.ടി.ഇ) അനുമതിയോടെയാണ് നടപടി.

എന്‍ജിനീയറിങ്ങിലെ അടിസ്ഥാന കോഴ്സുകള്‍ നിലനിര്‍ത്തും. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ മാറ്റങ്ങളില്ല. ഇവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഏകീകരണം. വിവിധ സര്‍വകലാശാലകളില്‍ വ്യത്യസ്ത പേരിലാണ് അറിയപ്പെടുന്നതെങ്കിലും മിക്ക കോഴ്സിന്‍െറയും ഉള്ളടക്കം സമാനമാണ്.

സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകള്‍ സാങ്കേതിക സര്‍വകലാശാലയുടെ കീഴിലേക്ക് മാറിയതോടെ കോഴ്സുകളുടെ ആധിക്യം ബുദ്ധിമുട്ടായി. ഓരോ കോഴ്സിനും പരീക്ഷ നടത്തണമെങ്കില്‍ വ്യത്യസ്ത ചോദ്യക്കടലാസ് തയാറാക്കണം. കോഴ്സ് കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ തുല്യത സര്‍ട്ടിഫിക്കറ്റിന് നെട്ടോട്ടമോടുന്നത് പതിവാണ്. കോഴ്സുകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം കേരളത്തിലെയും ഗുജറാത്തിലെയും സാങ്കേതിക സര്‍വകലാശാലകള്‍ മുന്നോട്ടുവെച്ചതോടെയാണ് എ.ഐ.സി.ടി.ഇ അനുമതി നല്‍കിയത്.

എന്‍ജിനീയറിങ് പാഠ്യപദ്ധതി പരിഷ്കരണശേഷം കൊണ്ടുവരുന്ന പ്രധാന പരിഷ്കരണമാണ് ഏകീകരണം. എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, ഫുഡ് ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാട്രോണിക്സ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ്, സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ് എന്നീ കോഴ്സും നിലവിലെ രീതിയില്‍ തുടരും.

ഏകീകരണത്തിലൂടെ മാറ്റം വരുന്ന ബി.ടെക് കോഴ്സുകളും അവയില്‍ കൂട്ടിച്ചേര്‍ക്കുന്ന നിലവിലെ കോഴ്സുകളും ക്രമത്തില്‍:
1. കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് -കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്
2. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ -അപൈ്ളഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍, ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്
3. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് - ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ (ഓട്ടോമൊബൈല്‍) എന്‍ജിനീയറിങ്
4. ബയോമെഡിക്കല്‍ എന്‍ജിനീയറിങ് - ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്
5. ബയോടെക്നോളജി ആന്‍ഡ് ബയോകെമിക്കല്‍ എന്‍ജിനീയറിങ് -ബയോടെക്നോളജി, ബയോടെക്നോളജി ആന്‍ഡ് ബയോകെമിക്കല്‍ എന്‍ജിനീയറിങ്
6. മാനുഫാക്ചറിങ് എന്‍ജിനീയറിങ് -മെക്കാനിക്കല്‍ (പ്രൊഡക്ഷന്‍) എന്‍ജിനീയറിങ്, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്
7. മെറ്റീരിയല്‍സ് എന്‍ജിനീയറിങ് -മെറ്റലര്‍ജി.

Tags:    
News Summary - engineering cources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.