തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് കത്തിപ്പടര്‍ന്ന സ്വാശ്രയവിരുദ്ധ സമരം അണയ്ക്കാന്‍ സര്‍ക്കാറും സാങ്കേതിക സര്‍വകലാശാലയും പ്രഖ്യാപിച്ച നടപടികള്‍ ജലരേഖയായി. എന്‍ജിനീയറിങ് കോളജുകളിലെ വിദ്യാര്‍ഥികളുടെ പരാതി കേട്ട് തീര്‍പ്പുകല്‍പ്പിക്കാന്‍ സ്വതന്ത്ര ഓംബുഡ്സ്മാനെ നിയമിക്കുമെന്നായിരുന്നു ഒരു പ്രഖ്യാപനം. മറ്റക്കര ടോംസ് കോളജിന്‍േറത് ഉള്‍പ്പെടെ കോളജുകളുടെ അഫിലിയേഷന്‍ നടപടികളില്‍ ക്രമക്കേട് കണ്ടതോടെ മുഴുവന്‍ കോളജുകളിലും വിദഗ്ധ സംഘം പരിശോധന നടത്താനായിരുന്നു മറ്റൊരു തീരുമാനം.
സമരങ്ങളും പ്രതിഷേധങ്ങളും അടങ്ങിയതോടെ സര്‍ക്കാറും സര്‍വകലാശാലയും സ്വാശ്രയ കോളജുകളുടെ പ്രശ്നത്തില്‍ പ്രഖ്യാപിച്ച രണ്ട് സുപ്രധാന നടപടികള്‍ മുങ്ങിപ്പോയ അവസ്ഥയാണിപ്പോള്‍. ഓംബുഡ്സ്മാനെ നിയമിക്കാന്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് തീരുമാനമെടുത്തിട്ട് രണ്ടു മാസം പിന്നിട്ടു. തീരുമാനമെടുത്തതിന്‍െറ അടുത്ത ദിവസംതന്നെ തുടര്‍നടപടികള്‍ക്ക് സര്‍ക്കാറിന് കത്തും നല്‍കി. എന്നാല്‍, ഇതുവരെയും ഒന്നുമുണ്ടായില്ല.
റിട്ട. ജില്ല ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഒരാളെ ഓംബുഡ്സ്മാനായി നിയമിക്കാനായിരുന്നു നിര്‍ദേശം. എ.ഐ.സി.ടി.ഇ നിര്‍ദേശംകൂടി പരിഗണിച്ചായിരുന്നു ഇത്. അഫിലിയേഷന്‍ സംബന്ധിച്ച് തീരുമാനമെടുക്കാനാണ് വിദഗ്ധ സംഘത്തെ പരിശോധനക്ക് നിയോഗിക്കാന്‍ സര്‍ക്കാര്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയത്. സര്‍വകലാശാല ചട്ടപ്രകാരം പരിശോധന കമ്മിറ്റിയെ അയക്കാനും തീരുമാനിച്ചു.
സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലെ മുതിര്‍ന്ന അധ്യാപകര്‍ നേതൃത്വം നല്‍കുന്ന സമിതികളാണ് 155 എന്‍ജിനീയറിങ് സ്ഥാപനങ്ങളിലും പരിശോധന നടത്തേണ്ടത്. എന്നാല്‍, ഇതിനുള്ള നടപടികള്‍ സര്‍വകലാശാലയില്‍ എങ്ങുമത്തെിയിട്ടില്ല. അഫിലിയേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍, പരിശോധന കമ്മിറ്റിയെ നിയമിച്ചിട്ടില്ല. വി.സി നിര്‍ദേശം നല്‍കിയെങ്കിലും രജിസ്ട്രാര്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ജീവനക്കാര്‍ ആവശ്യത്തിനില്ലാത്തിനാല്‍ നിയമനത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ്.
ഇതര സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നവരെ ഓപ്ഷനിലൂടെ നിയമിക്കാമെന്ന സര്‍ക്കാര്‍ നിലപാട് നേരത്തേ പി.എസ്.സി എതിര്‍ക്കുകയും പി.എസ്.സി പട്ടികയില്‍നിന്ന് നിയമനം നടത്തണമെന്ന് നിലപാടെടുക്കുകയും ചെയ്തു. വി.സിക്കും ഇതേ അഭിപ്രായംതന്നെയായിരുന്നു. ഇതോടെയാണ് നിയമനം മുടങ്ങിയത്. എന്നാല്‍, കൂടുതല്‍ ജീവനക്കാരില്ലാതെയാണ് സാങ്കേതിക സര്‍വകലാശാല നിലവില്‍ വന്നശേഷമുള്ള ആദ്യ അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.