കോഴിക്കോട്/കൊച്ചി: വഖഫ് സ്വത്തുക്കൾ കൈയേറിയവരുടെ ജാതിയോ മതമോ നോക്കിയല്ല നിയമ നടപടി സ്വീകരിക്കുന്നതെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ. മുനമ്പത്ത് 12 വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത് നിയമ നടപടിയുടെ ഭാഗമാണ്. ഇതിനെ വർഗീയമായി ചിത്രീകരിക്കുന്നതിന് പിന്നിൽ കച്ചവട താൽപര്യമാണ്. കോഴിക്കോട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം വഖഫ് ഭൂമിയാണെന്ന് രേഖകൾ തെളിവാണ്. ഇത് ഫാറൂഖ് കോളജ് തന്നെ നേരത്തേ സമ്മതിച്ചതാണ്. ഭൂമി വിറ്റതിൽനിന്ന് രക്ഷപ്പെടാനാകാം ഇപ്പോൾ ഇക്കാര്യം മാറ്റിപ്പറയുന്നത്. വഖഫ് സ്വത്തുക്കൾ ആര് കൈയേറിയാലും നിയമനടപടി സ്വീകരിക്കാനും ഒഴിപ്പിക്കാനും ബോർഡ് ബാധ്യസ്ഥമാണ്. കൈവശം വെച്ചവർക്ക് അവരുടെ രേഖകൾ ഹാജരാക്കാനും അപ്പീൽ പോകാനും അവസരമുണ്ട്. കൈയേറ്റം സംബന്ധിച്ച് 1400ഓളം കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവുമധികം വഖഫ് സ്ഥാപനങ്ങളുള്ള കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കേസുകൾ കൈകാര്യം ചെയ്യുന്ന കോഴിക്കോട് ഓഫിസിന് നിർമിച്ച പുതിയ കെട്ടിടം 15ന് 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വഖഫ് ട്രൈബ്യൂണൽ ഇവിടെയാണ് പ്രവർത്തിക്കുക.
അതിനിടെ, മുനമ്പത്തെ 404.76 ഏക്കർ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷൻ പിരിച്ചുവിടണമെന്ന് വഖഫ് സംരക്ഷണ സമിതി നേതൃയോഗം ആവശ്യപ്പെട്ടു. പകുതിവില തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാക്കപ്പെട്ട സാഹചര്യത്തിൽ കമീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട കമീഷൻ ഒരുവിഭാഗം നടത്തുന്ന സമരപ്പന്തൽ സന്ദർശിച്ച് സമരത്തെ പിന്തുണച്ചത് തെറ്റാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചെയർമാൻ ഷരീഫ് പുത്തൻപുര അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.