ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ‘കടുപ്പമുള്ള’ ജോലി ഏറ്റെടുക്കാന്‍ ഉത്തരവ്

കോട്ടയം: ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഇനിയും ‘ഉഴപ്പാന്‍’ വിടേണ്ടെന്ന് സര്‍ക്കാര്‍. ആസ്തിവികസന പദ്ധതികള്‍ ഇതിലുള്‍പ്പെടുത്തി നടപ്പാക്കാന്‍ തദ്ദേശ വകുപ്പ് തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി കാവുകളുടെ സംരക്ഷണം, ചെക്ഡാമുകളുടെ നിര്‍മാണം, ജലസംരക്ഷണ പദ്ധതികള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. തെരഞ്ഞെടുത്ത 25 ബ്ളോക്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്ക് തുടക്കമിട്ടു. വിജയിച്ചാല്‍ മറ്റു ബ്ളോക്കുകളിലേക്കും വ്യാപിപ്പിക്കും. ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സാമഗ്രികളുടെ ചെലവും പദ്ധതിയില്‍നിന്ന് ചെലവഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതി വഴി ഒന്നോ രണ്ടോ മാസം മാത്രം ആയുസ്സുള്ള പ്രവൃത്തികളാണ് സംസ്ഥാനത്ത് കൂടുതല്‍ നടന്നിരുന്നത്. റോഡുകളുടെ വശങ്ങള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ജോലിയാണ് പ്രധാനമായും ഏറ്റെടുത്തിരുന്നത്. ആഴ്ചകള്‍ കഴിയുന്നതോടെ ഇവിടെ വീണ്ടും കാടുകള്‍ വളരുന്നത് പതിവായിരുന്നു. തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ കഴിഞ്ഞെങ്കിലും മറ്റൊരു പ്രയോജനവും ഉണ്ടാക്കാനായില്ല. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴിച്ച് തൊഴിലുറപ്പ് പദ്ധതിയുടേതെന്ന് ചൂണ്ടിക്കാട്ടാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദീര്‍ഘകാല പദ്ധതികള്‍ ഏറ്റെടുക്കുന്നത്.

10 വര്‍ഷമെങ്കിലും നിലനില്‍ക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കാനാണ് തീരുമാനം.  ഇതിനൊപ്പം നിലവില്‍ നടക്കുന്ന പ്രവൃത്തികളും ചെയ്യാന്‍ തടസ്സമുണ്ടാകില്ല. മുന്‍ഗണന പുതുതായി നിര്‍ദേശിക്കപ്പെട്ട ജോലികള്‍ക്കാവും. അന്ധ്രയില്‍ 15വര്‍ഷം വരെയുള്ള ദീര്‍ഘകാല പ്രവൃത്തികള്‍ക്കാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിവരുന്നത്. ഇതിന്‍െറ മാതൃക കേരളത്തില്‍ പിന്തുടരാന്‍ മന്ത്രി കെ.ടി. ജലീലിന്‍െറ നേതൃത്വത്തില്‍ തീരുമാനിക്കുകയായിരുന്നു. ജൈവ സമ്പന്നമായ കാവുകളുടെ സംരക്ഷണം കേരളത്തില്‍ പ്രധാന ചര്‍ച്ചയായിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ഒൗഷധമൂല്യമുള്ള നിരവധി സസ്യങ്ങളുമുണ്ട്. ഏറെ പരിസ്ഥിതി പ്രധാന്യമുള്ള കാവുകളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലൂടെ ശ്രമിക്കുന്നത്. സംസ്ഥാനത്ത് അഞ്ച് സെന്‍റോ അതില്‍ കൂടുതലോ ഉള്ള ഏതാണ്ട് 420 കാവുകളുണ്ടെന്നാണ് വനംവകുപ്പിന്‍െറ കണക്ക്.

ഉടമകള്‍ അപേക്ഷ നല്‍കുന്നതിനനുസരിച്ചാവും പ്രവൃത്തി നടത്തുക. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ചെക്ഡാമുകള്‍ നിര്‍മിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാമ്പത്തികമായും നേട്ടം ലഭിക്കും. ചെക്ഡാമുകള്‍ അടക്കം നിര്‍മിക്കുമ്പോള്‍ പരിചയസമ്പന്നരും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം ഉണ്ടാകും. ഇതിനൊപ്പം വലിയ കുളങ്ങളുടെ നവീകരണവും ഏറ്റെടുക്കും. ആരാധനാലയങ്ങളുടെ അടക്കം അധീനതയിലുള്ള കുളങ്ങള്‍ക്ക് ഇതിലൂടെ പുതുജീവന്‍ പകരാന്‍ ലക്ഷ്യമിടുന്നു. അപേക്ഷ ലഭിച്ചാല്‍ ഇത്തരം പദ്ധതികള്‍ക്കാവും മുന്‍ഗണന നല്‍കുക. കിണര്‍, കുളം റീചാര്‍ജിങ് പ്രവൃത്തികളും നടത്തും.  

Tags:    
News Summary - employment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.