സ്ഥിരംതൊഴിൽദാതാവിൽനിന്ന് പിന്മാറി; തദ്ദേശ സ്ഥാപനങ്ങളിലെ ജോലി കരാർ വ്യവസ്ഥയിലേക്ക്

തിരുവനന്തപുരം: സ്ഥിരംതൊഴിൽദാതാവ് എന്ന നിലയിൽ നിന്നുള്ള പിന്മാറ്റത്തിന്‍റെ സൂചന നൽകി തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് ജോലികൾക്കായി ഇടതു സർക്കാർ എൻജിനീയർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. സിവിൽ എൻജിനീയറിങ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള സർട്ടിഫൈഡ് എൻജിനീയർമാരെ നിയമിക്കാനാണ് പദ്ധതി.

തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള മേൽനോട്ടം ഇവർക്കായിരിക്കും. മൂന്നു വർഷമാണ് രജിസ്ട്രേഷൻ കാലാവധി. മികവ് കണക്കിലെടുത്താവും രജിസ്ട്രേഷൻ പുതുക്കി നൽകുക. പദ്ധതിയിലൂടെ 25,000 യുവ എൻജിനീയർമാർക്ക് തൊഴിൽ ലഭിക്കുമെന്ന് സർക്കാർ വാദിക്കുന്നുവെങ്കിലും സ്ഥിരംതൊഴിൽ എന്ന സ്വപ്നവും പി.എസ്.സി നിയമനവും അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനം.

ഓരോ നിർമാണ പ്രവൃത്തിയുടെയും ടെൻഡറിൽ നിയമന വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തും. മരാമത്ത് കരാറുകാരാണ് എൻജിനീയർമാരുടെ രജിസ്റ്റർ പാനലിൽനിന്ന് നിയമനം നടത്തേണ്ടത്.

ഓരോ വർഷവും പ്രവർത്തനം തദ്ദേശ വകുപ്പ് വിലയിരുത്തുന്നതിന്‍റെ അടിസ്ഥാനത്തിലാവും തുടർനിയമന സാധ്യത. വീഴ്ച വരുത്തിയവരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് വരുംദിവസം പുറത്തിറങ്ങും.

ഫലത്തിൽ കരാറുകാരുടെയും തദ്ദേശ വകുപ്പിലെ രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബിയുടെയും കാരുണ്യത്തിൽ ജോലി ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് സമ്മർദങ്ങൾക്ക് അടിപ്പെടാതിരിക്കുകയാവും വെല്ലുവിളി.

പഠനത്തിനു ശേഷം തൊഴിൽ ലഭിക്കാത്തവർക്കായിരിക്കും മുൻഗണനയെന്ന് തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ സമാന തസ്തികകളിൽ ലഭ്യമാക്കുന്ന വേതനമാവും നൽകുക.

നിയമന മാനദണ്ഡം ഇങ്ങനെ

20 കോടിക്ക് മുകളിലുള്ള പ്രവൃത്തിക്ക് അഞ്ചുവർഷം പ്രവൃത്തി പരിചയമുള്ള ഒരു എ ഗ്രേഡ് എൻജിനീയർ. മൂന്നു വർഷം പരിചയമുള്ള മൂന്ന് ബി ഗ്രേഡ് സൈറ്റ് എൻജിനീയർമാർ. രണ്ടു വർഷം പരിചയമുള്ള നാല് സി ഗ്രേഡ് സൂപ്പർവൈസർമാർ എന്നിവരെ ചുമതലപ്പെടുത്തും. 5 - 20 കോടി വരെയുള്ള പ്രവൃത്തികൾക്ക് മൂന്നു വർഷം പരിചയമുള്ള വർക്ക് മാനേജർ, ഒരു വർഷം പരിചയമുള്ള രണ്ട് സൈറ്റ് എൻജിനീയർ, ഒരു വർഷം പരിചയമുള്ള രണ്ട് സൂപ്പർവൈസർമാർ എന്നിവരെ നിയോഗിക്കും.

രണ്ടര കോടി മുതൽ അഞ്ചു കോടി വരെയുള്ള പ്രവൃത്തിക്ക് അഞ്ചു വർഷം പരിചയമുള്ളവർക്ക് മാനേജറെയും രണ്ടു വർഷം പരിചയമുള്ള മൂന്ന് ബി ഗ്രേഡ് സൈറ്റ് എൻജിനീയർമാരെയും നിയോഗിക്കും.

ഒന്നര കോടി മുതൽ രണ്ടര കോടി വരെയുള്ള പ്രവൃത്തികൾക്ക് മൂന്നു വർഷം പരിചയമുള്ള എ ഗ്രേഡ് എൻജിനീയർ, വർക്ക് മാനേജർമാരായി ഒരു വർഷം പ്രവൃത്തിപരിചയമുള്ള എ ഗ്രേഡ് എൻജിനീയർ, ഒരു ബി ഗ്രേഡ് സൈറ്റ് എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തും. 75 ലക്ഷം - 1.5 കോടി വരെയുള്ള പ്രവൃത്തികൾക്ക് ഓരോ ബി ഗ്രേഡ് എൻജിനീയർമാരെയും അഞ്ചു ലക്ഷം - 75 ലക്ഷം വരെയുള്ള പ്രവൃത്തികൾക്ക് ബി ഗ്രേഡ് എൻജിനീയർമാരെയും അഞ്ചു ലക്ഷം രൂപവരെയുള്ള പ്രവൃത്തികൾക്ക് സി ഗ്രേഡ് എൻജിനീയർമാരെയും ചുമതലപ്പെടുത്തും.

Tags:    
News Summary - employment contract system in local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.