ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി

തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക്‌ ഇരയാകുന്ന ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊരുമാനദണ്ഡങ്ങൾക്ക്‌ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അസ്വഭാവിക മരണം ഉൾപ്പെടെ അത്യാഹിതങ്ങൾ പദ്ധതി പരിധിയിൽ വരുമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

ഡ്യുട്ടിക്കിടയിലെ അത്യാഹിതങ്ങൾക്ക്‌ ഇരയാകുന്ന ജീവനക്കാർക്ക്‌ സഹായം അനുവദിക്കുന്നതിൽ നിലവിലെ പൊതുമാനദണ്ഡങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി വ്യക്തത വരുത്തി.

പുതിയ മാനദണ്ഡം അനുസരിച്ച്‌ ഡ്യുട്ടിക്കിടയിൽ സംഭവിക്കുന്ന അപകട മരണം, ഡ്യുട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിക്കുന്ന മരണം എന്നിവയെയും ഡ്യുട്ടിക്കിടയിലുള്ള അസ്വഭാവിക മരണമായി കണക്കാക്കും.

ഇതിന്‌ എഫ്‌ഐആറിലെ രേഖപ്പെടുത്തലോ, റവന്യു-പൊലീസ്‌ അധികാരികളുടെ സാക്ഷ്യപ്പെടുത്തലോ മതിയാകും. പകർച്ചവ്യാധി (എപ്പിഡമിക്‌, പാൻഡമിക്‌) ബാധിതരുടെ ചികിത്സയ്‌ക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാർ, അതേ രോഗബാധയിൽ മരണപ്പെട്ടാലും അസ്വഭാവിക മരണമാകും. ഓഫീസിലേക്കുള്ള വരവിനും പോക്കിനുമിടയിലുള്ള അപകട മരണവും ഈ വിഭാഗത്തിൽ വരും.

ഡ്യൂട്ടിക്കിടയിൽ വൈദ്യുതാഘാതം ഏൽക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ ഇടയിലെ അപകടം, നിയമപാലകരുടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമം, രക്ഷാപ്രവർത്തനം, വന്യജീവി ആക്രമണം എന്നിവ മൂലമുണ്ടാകാവുന്ന മരണങ്ങളെയും അപകട മരണങ്ങളായി കണക്കാക്കും. ഓഫീസിന്റെ ഭാഗമായ മറ്റ്‌ ജോലികൾ, യാത്ര എന്നിവയ്‌ക്കിടയിലെ അപകട മരണവും അസ്വഭാവിക മരണമാകും. കലക്ടർ/വകുപ്പ്‌ മേധാവി/സ്ഥാപന മേധാവി എന്നിവരാണ്‌ ഡ്യൂട്ടിക്കിടയിലുള്ള മരണമാണ്‌ എന്നത്‌ സാക്ഷ്യപ്പെടുത്തേണ്ടത്‌. ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുണ്ടാകുന്ന അപകടങ്ങളും സഹായ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും.

സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ജീവനക്കാർ ഡ്യുട്ടിക്കിടയിൽ അപകട മരണത്തിനും അസ്വഭാവിക മരണത്തിനും വിധേയരായാൽ, അനന്തരാവകാശികൾക്ക്‌ നൽകിവന്നിരുന്ന എക്‌സ്‌ഗ്രേഷ്യാ ആനുകൂല്യം ഒന്നര ലക്ഷം രൂപ എന്നത്‌ 10 ലക്ഷം രൂപയായി ഉയർത്തി. അപകടത്തിൽ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക്‌ അഞ്ചുലക്ഷം രുപവരെ ധനസഹായം ലഭിക്കും. 60 ശതമാനത്തിനു മുകളിൽ അംഗവൈകല്യത്തിന്‌ നാലുലക്ഷം രുപയും, 40 മുതൽ 60 ശതമാനംവരെ അംഗവൈകല്യത്തിന്‌ രണ്ടര ലക്ഷം രൂപയും സഹായമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Emergency in line of duty: Special assistance scheme for government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.