കൊച്ചി: മേയ് 24ന് കൊച്ചി തീരത്ത് മുങ്ങിയ ‘എം.എസ്.സി എൽസ3’ കപ്പൽ മുഖേന ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരമായി കപ്പൽ കമ്പനി കെട്ടിവെച്ച തുക പലിശ ലഭിക്കാവുന്ന അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ഹൈകോടതി. ചരക്കു സാമഗ്രികൾ നഷ്ടപ്പെട്ടതിന് പരിഹാരമായി ഹൈകോടതി ഇടപെടലിനെത്തുടർന്ന് കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി കോടതിയിൽ കെട്ടിവെച്ച സെക്യൂരിറ്റി തുകയായ 5.97 കോടി രൂപയുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്.
കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ അംഗങ്ങളായ ജെ.ജെ എന്റർപ്രൈസസ്, ആർ.ആർ.ആർ, മംഗലത്ത്, അയാകോ, ജോർജിയൻ എന്നീ സ്ഥാപനങ്ങൾ നൽകിയ അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് കഴിഞ്ഞ ദിവസം കമ്പനിയുടെ മറ്റൊരു കപ്പൽ ‘എം.എസ്.സി മാനസ എഫ്’ വിഴിഞ്ഞം തുറമുഖത്ത് തടഞ്ഞുവെക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
ഉച്ചക്കുശേഷം ഹരജി പരിഗണിക്കവേ അഞ്ച് ഹരജിക്കാരും ചേർന്ന് പലിശസഹിതം ആവശ്യപ്പെട്ട ആകെ തുകയായ 5.97 കോടി ഹൈകോടതി രജിസ്ട്രാറുടെ പേരിൽ ഡിമാൻഡ് ഡ്രാഫ്ട് ആയി നിക്ഷേപിച്ചതിന്റെ രേഖകൾ കപ്പൽ കമ്പനി ഹാജരാക്കിയതോടെ കപ്പൽ തീരം വിടുന്നതിന്റെ തടസ്സം നീങ്ങിയിരുന്നു.
തിങ്കളാഴ്ച നഷ്ടപരിഹാരം സംബന്ധിച്ച ഹരജികൾ വീണ്ടും പരിഗണിക്കവേയാണ് ഡി.ഡിയായി നിക്ഷേപിച്ച തുക പലിശ ലഭിക്കാവുന്നവിധം സ്ഥിരനിക്ഷേപം പോലുള്ള അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടത്. ആലപ്പുഴ പുറങ്കടലിലാണ് ‘എൽസ 3’ മുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.