ഇലക്ട്രിക് ബസ്: കെ.ബി ഗണേഷ് കുമാറിന്റെ വാദം പൊളിച്ച് കെ.എസ്.ആര്‍.ടി. സിയുടെ വാർഷിക റിപ്പോർട്ട്

തിരുവനനന്തപുരം: ഇലക്ട്രിക് ബസ് ലാഭകരമല്ലെന്ന മന്ത്രി കെ.ബി ഗണേഷ് കുമാറിൻെറ വാദം പൊളിച്ച് കെ.എസ്.ആര്‍.ടി. സിയുടെ വാർഷിക റിപ്പോർട്ട്. ഇലക്ട്രിക് ബസിന്‍റെ ഡിസംബർ മാസം വരെയുള്ള സർവീസുകളുടെ എണ്ണവും അതിലൂടെ ഉണ്ടായിട്ടുള്ള ലാഭവും പൂർണമായും വ്യക്തമാക്കുന്നതാണ് വാർഷിക റിപ്പോർട്ട്.

ഏപ്രിൽ മാസത്തിൽ തലസ്ഥാനത്തെ നിരത്തിലെത്തിയ ഇലക്ട്രിക് ബസുകൾ ഡിസംബർ മാസം വരെ 2.88 കോടി രൂപ ലാഭമൂണ്ടാക്കിയെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. ഏപ്രിൽ മുതൽ ഡിസംബർ വരെ ഇലക്ട്രിക് ബസുകൾ 18901 സര്‍വീസ് തലസ്ഥാന നഗരത്തിലാകെ നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇലക്ട്രിക് ബസ് ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപയാണ് വേണ്ടിവരുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

ശമ്പളത്തിനും ഇന്ധനത്തിനുമടക്കം ചെലവുവരുന്ന തുകയും ചേർത്തുള്ളതാണ് ഈ 28. 45 രൂപ. ഒരു കിലോമീറ്റർ ഓടുമ്പോൾ കിട്ടുന്ന വരുമാനമാകട്ടെ ശരാശരി 36.66 രൂപയാണ്. അതായത് ചെലവുകൾ കഴിഞ്ഞുള്ള തുക പരിശോധിച്ചാൽ ഒരു കിലോമിറ്റർ ഓടുമ്പോൾ ഇലക്ട്രിക് ബസിൽ നിന്നും 8 .21 രൂപ ലാഭം ലഭിക്കുന്നു.

ഇനി ഇലട്രിക് ബസുകൾ വാങ്ങേണ്ടെന്നും നിലവിൽ സിറ്റി സർവീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനഃപരിശോധിക്കുമെന്നുമാണ് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും വ്യക്തമാക്കി. മന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് എം.എൽ.എ വി.കെ പ്രശാന്തും മേയർ ആര്യ രാജേന്ദ്രനും, നയപരമായ തീരുമാനങ്ങൾ പുനഃപരിശോധിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നിലപാട് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Electric bus: KB Ganesh Kumar's argument was dismissed by KSRTC. Annual Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.