തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടാൽ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കും -വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടാൽ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ യു.ഡി.എഫിനെ എല്ലാ സീറ്റുകളിലും ജയിക്കാൻ കഴിയുന്ന സാഹചര്യത്തിൽ എത്തിച്ചിട്ടുണ്ട്. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇത്തവണ ടീം യു.ഡി.എഫ് തിളക്കമാർന്ന വിജയം കൈവരിക്കും. ഇല്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകും. തെരഞ്ഞെടുപ്പിൽ എന്നും ഡീലല്ല ചർച്ചചെയ്യേണ്ടത്. വികസനവും രാഷ്ട്രീയ വിഷയങ്ങളും സാധാരണക്കാരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യണം.

ഇതുവരെ ഞങ്ങൾ 25 ശതമാനമാത്രമാണ് രാഷ്ട്രീയം പറഞ്ഞിട്ടുള്ളത്. എന്നാൽ ബാക്കിയുള്ള 75 ശതമാനം കേരളത്തെ കുറിച്ചും ഇവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഭാവിയെ പറ്റിയുമാണ് പറഞ്ഞത്. ഞങ്ങൾ സർക്കാറിന്റെ പരാജയങ്ങൾ ഉയർത്തി കാണിച്ചു. അതിനെതിരെ പ്രതിഷേധിച്ചു. കേരളത്തെ കൈപിടിച്ച് ഉയർത്താൻ ആവശ്യമായ പദ്ധതികൾ കൊണ്ടുവരണം. ആരോഗ്യ വകുപ്പിന്റെ അവസ്ഥയെന്താണ്. സർക്കാർ ഖജനാവ് കാലിയാണ്. ഖജനാവ് നിറക്കാൻ യു.ഡി.എഫിന് വ്യക്തമായ പദ്ധതിയുണ്ട്. ഖജനാവിന്റെ ചോർച്ച അടക്കണം. അത് എങ്ങനെയെന്ന് യു.ഡി.എഫിന് അറിയാം. സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

യു.ഡി.എഫ് എന്നത് അഭിപ്രായ സ്വാതന്ത്രമുള്ളതാണ്. കൂട്ടായ നേതൃത്വമാണ് യു.ഡി.എഫ്. യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ഹൈകമാഡാണ്. ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാറില്ല. കലക്ടീവ് ലീഡർ ഷിപ്പാണ് യു.ഡി.എഫിനുള്ളത്. കർണാടകയിലും തെലുങ്കാനയിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ല ജനവിധി നേടിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.

പാലക്കാട് മണ്ഡലത്തിൽ സി.പി.എം-ബി.ജെ.പി ഡീൽ നടന്നിട്ടുണ്ടെന്നാണ് വി.ഡി. സതാശന്റെ ആരോപണം. പാലക്കാട് സീറ്റിൽ യു.ഡി.എഫിന്റെ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനാണ് സി.പി.എം ലക്ഷ്യം. മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിന് യു.ഡി.എഫ് ജയിക്കും. സംസ്ഥാനത്തെ മദ്യ ലഭ്യത കുറക്കുമെന്ന് 2016ൽ സി.പി.എം പ്രകടനപത്രികിൽ ഉറപ്പ് നൽകിയിട്ട് 29 ബാറുകളുണ്ടായിടത് 1000 മാക്കി വർധിപ്പിച്ച നേതാവാണ് പിണറായി വിജയൻ. അതുകൊണ്ട് മദ്യ നയത്തെ കുറിച്ച് യു.ഡി.എഫിനെ പഠിപ്പിക്കാൻ വരേണ്ട. സി.പി.എമ്മും ബി.ജെ.പിയും ചേർന്നാണ് പറവൂരിൽ അപരസ്ഥാനാർഥിയെ നിർത്തിയത്. അവർ അങ്ങനെ ഇതിന് മുമ്പും ചെയ്തിട്ടുണ്ട്. 

നാമനിർദേശ പത്രികക്കൊപ്പം കൃതൃമായ മറുപടി നൽകിയിട്ടുണ്ട്. അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ട് വരുമാനം കാണിച്ചില്ലെന്നതായിരുന്നു ആക്ഷേപം. 25 വർഷമായി പ്രക്ടീസ് ചെയ്യാത്ത ആൾ എങ്ങനെയാണ് വരുമാനം കാണിക്കുക. ഔദ്യോഗിക വാഹനത്തിന്റെ ഫൈൻ അടച്ചില്ലെന്നതാണ് രണ്ടാമത്തെ ആക്ഷേപം. കാറിന് ഒരു ബാധ്യതയുമില്ലെന്ന എൻ.ഒ.സി വാഹന ഉടമയായ ടൂറിസം വകുപ്പ് നൽകിയിട്ടുണ്ട്. പുതിയ കാർ നൽകിയ ശേഷം പഴയ കാർ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിൽ ഇരിക്കുമ്പോഴാണ് ആ കാറിന് ഫൈൻ വന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - Opposition leader V.D. Satheesan says he will take full responsibility if UDF loses in the elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.