ആകാംക്ഷക്ക് വിരാമം ; എട്ട് മണി മുതൽ ലീഡറിയാം

കോഴിക്കോട്: ഒരുമാസത്തോളംനീണ്ട കാത്തിരിപ്പിനൊടുവില്‍ ഞായറാഴ്ച രാവിലെ എട്ടുമുതല്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തപാല്‍വോട്ടുകള്‍ കൂടുതലാണ് എന്നതിനാല്‍ ഇവ എണ്ണിത്തീരുംമുന്‍പ് 8.15 ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ https:results.eci.gov.in എന്ന വെബ്‌സൈറ്റിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാവുക. കോവിഡ് മാനദണ്ഡങ്ങള്‍പാലിക്കാനായി ടേബിളുകളുടെ എണ്ണം കൂട്ടിയതും തപാല്‍വോട്ടുകളുടെ എണ്ണക്കൂടുതലും കാരണം അവസാനഫലം പതിവിലും വൈകും.

ഒരു റൗണ്ടില്‍ 28 ടേബിളുകള്‍

28 ടേബിള്‍ വീതമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുന്നതിനായി ഓരോ മണ്ഡലങ്ങളിലും ക്രമീകരിച്ചിരിക്കുന്നത്. 28 ടേബിളുകളിലെയും വോട്ടെണ്ണുന്നതോടെ ഒരു റൗണ്ട് പൂര്‍ത്തിയാവും. ഓരോ റൗണ്ടും പൂര്‍ത്തിയാവുമ്പോള്‍ ഫലം പുറത്തുവിടും. മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായി കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. തപാല്‍ ബാലറ്റുകളും എണ്ണിക്കഴിയുമ്പോള്‍ വരണാധികാരി വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറും.

തപാല്‍വോട്ടിന് പ്രത്യേകടേബിളുകള്‍

തപാല്‍വോട്ടുകള്‍ എണ്ണുന്നതിനായി ഓരോ മണ്ഡലത്തിലും ആറ് മുതല്‍ 12 വരെ ടേബിളുകള്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. കുറ്റ്യാടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ടേബിളുകള്‍. 12 ടേബിളുകളാണ് ഇവിടെയുള്ളത്. കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് സൗത്ത്, തിരുവമ്പാടി,ബേപ്പൂര്‍ മണ്ഡലങ്ങളില്‍ ആറ് ടേബിള്‍ വീതമുണ്ട്. നാദാപുരം 11, കോഴിക്കോട് നോര്‍ത്ത് 10, വടകര 9, പേരാമ്പ്ര 7, ബാലുശ്ശേരി 10, കുന്ദമംഗലം 9, കോടുവള്ളി 8 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ തപാല്‍വോട്ടുകള്‍ എണ്ണാനുള്ള ടേബിളുകള്‍.

നടപടികള്‍ രാവിലെ അഞ്ചിന് തുടങ്ങും

രാവിലെ അഞ്ചുമണിക്ക് റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും. വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ആറിന് കൗണ്ടിംഗ് സെന്ററില്‍ എത്തും. ഉദ്യോഗസ്ഥരുടെ ഹാജര്‍നില ഉറപ്പാക്കി ഓരോ ജോലിക്കുമായി റാെൈന്‍ഡമെസേഷന്‍ നടത്തും. എട്ടുമണിക്ക് എല്ലാവരും വോട്ടെണ്ണലിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിന് പ്രതിജ്ഞ എടുക്കും. തുടര്‍ന്ന്് ടേബിളുകളില്‍ എത്തിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുറക്കും. 500 എണ്ണത്തിന്റെ ഓരോ കെട്ടായി തിരിച്ചാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങുക.

ഇതോടൊപ്പം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടപടികളും ആരംഭിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വരണാധികാരി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂം തുറക്കും. കണ്‍ട്രോള്‍ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസേഴ്‌സ് ഡയറിയായ 17 സി ഫോമും വോട്ടെണ്ണല്‍ ടേബിളില്‍ എത്തിക്കും.

കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് ആദ്യം പരിശോധിക്കുക. ഇത് 17 സി ഫോമില്‍ രേഖപ്പെടുത്തിയതു തന്നെയാണെന്ന് ഉറപ്പു വരുത്തും. ഇതിനു ശേഷമാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ടുകള്‍ പരിശോധിക്കുക.

28 ടേബിള്‍ വീതമുള്ള മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായക്കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും പൂര്‍ത്തിയായി കഴിയുമ്പോള്‍ വരണാധികാരി വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറും.

തപാല്‍ ബാലറ്റ് എട്ടുമണിവരെ സ്വീകരിക്കും

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ തപാല്‍ബാലറ്റ് വോട്ടെണ്ണിത്തുടങ്ങുന്ന ഞായറാഴ്ച രാവിലെ എട്ടുവരെ സ്വീകരിക്കും. ഇതിനുശേഷം കിട്ടുന്നവ സമയം രേഖപ്പെടുത്തി മാറ്റിവെയ്ക്കും.

Tags:    
News Summary - election result will know from eight o clock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.