തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലിനെ തുടർന്ന് മുതിർന്ന സി.പി.എം നേതാവ് ജി.സുധാകന്റെ മൊഴിയെടുത്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആലപ്പുഴയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
തപാല്‍ വോട്ടില്‍ കൃത്രിമത്വം നടത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചതായുള്ള വെളിപ്പെടുത്തലിന്മേല്‍ കേസ് എടുക്കാനും വിശദമായ അന്വേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കാനും ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ യു. ഖേല്‍ക്കറാണ് നിര്‍ദേശം നല്‍കിയത്.
“തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലായി മാധ്യമങ്ങളിൽ വന്ന വാർത്ത അത്യന്തം ഗൗരവമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കാണുന്നു. 1989-ലെ ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് തപാൽ വോട്ടിൽ കൃത്രിമത്വം കാണിച്ചതായി വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായാണ് രാജ്യത്ത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പുകൾ നടത്തുന്നത്. ജനപ്രാതിനിധ്യ നിയമം, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. എന്നാൽ തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തൽ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമം 136, 128 ഉൾപ്പെടെയുള്ള വകുപ്പുകളും 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളും ഭാരതീയ ന്യായ സംഹിത/ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും അനുസരിച്ച് ഗുരുതര നിയമലംഘനമാണ്” -മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ എൻ.ജി.ഒ യൂനിയൻ പൂർവകാല നേതൃസംഗമത്തിലാണ് ജി. സുധാകരൻ വിവാദ പരാമർശവുമായി രംഗത്തുവന്നത്.
“പോസ്റ്റൽ ബാലറ്റിൽ എൻ.ജി.ഒ യൂനിയൻകാർ വേറെ ആളുകൾക്ക് വോട്ട് ചെയ്യരുത്. കുറച്ചുപേർ അങ്ങനെ ചെയ്യുന്നുണ്ട്. ബാലറ്റ് ഒട്ടിച്ചുതരുന്നതിനാൽ അറിയില്ലെന്ന് കരുതരുത്. കെ.എസ്.ടി.എ നേതാവ് ദേവദാസ് ആലപ്പുഴയിൽനിന്ന് മത്സരിച്ചപ്പോൾ ജില്ല കമ്മിറ്റി ഓഫിസിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച്, വെരിഫൈ ചെയ്ത് ഞങ്ങൾ തിരുത്തി. ഇനി എന്റെ പേരിൽ കേസെടുത്താലും കുഴപ്പമില്ല” എന്നായിരുന്നു ജി.സുധാകരന്റെ പ്രസംഗം.
1989ൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ കൊണ്ടുവന്നുവെന്നാണ് സുധാകരൻ പറഞ്ഞത്. താൻ ആയിരുന്നു അന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സർവീസ് സംഘടന അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു. തങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.