തൃക്കരിപ്പൂർ ഒളവറയിൽ വാഹനാപകട്ടിൽ മരിച്ച ദാമോദരൻ. അപകടത്തിൽപ്പെട്ട വാഹനം

ചായ കുടിച്ച് ദാമോദരൻ നടന്നത് മരണത്തി​ലേക്ക്... നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ച് ദാരുണാന്ത്യം

തൃക്കരിപ്പൂർ: വ്യാഴാഴ്ച വൈകീട്ട് ഒളവറ വായനശാലക്ക് തെക്കുഭാഗത്തുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ച് ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ ഒളവറയിലെ കെ.പി. ദാമോദരൻ (82). നിർത്തിയിട്ട കാർ നിമിഷാർധത്തിൽ നേരെ വന്നപ്പോൾ ഒന്നും ചെയ്യാനാവാതെ നിന്നുപോയി. കാറിനടിയിൽ ഞെരിഞ്ഞമർന്ന് വഴിയാത്രക്കാരനായ അദ്ദേഹം മരണത്തിന് കീഴടങ്ങി.

കാസർകോട് തൃക്കരിപ്പൂർ ഒളവറയിൽ നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ചാണ് അപകടം സംഭവിച്ചത്. തൊട്ടടുത്ത വർക്ക് ഷോപ്പിൽ നിന്ന് പണി കഴിഞ്ഞ് പോളിഷ് ചെയ്യുന്നതിന് മുന്നോടിയായി വായനശാല കെട്ടിടത്തോട് ചേർന്ന് ഒത്തുക്കിയിട്ട കാറിലാണ്, പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. ഈ സമയം നിർത്തിയിട്ട കാറിൻറെ പിറകിലൂടെ നടക്കുകയായിരുന്ന ദാമോദരൻ അപകടത്തിൽപെടുകയായിരുന്നു. നിർത്തിയിട്ട കാർ ഇടിയുടെ ആഘാതത്തിൽ അഞ്ചുമീറ്ററോളം നിരങ്ങി നീങ്ങി. അപകടം വരുത്തിയ കാറിൽ ഉണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ആദ്യകാല സോഷ്യലിസ്റ്റും മുതിർന്ന കർഷകനുമാണ് മരിച്ച ദാമോദരൻ. അപകടമരണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ഒളവറ ഗ്രാമം. ഇരു വാഹനങ്ങളും പ്രദേശത്ത് ഉള്ളവരുടെതാണ്. തൃക്കരിപ്പൂരിലെ ബേക്കറി ഉടമ ഒളവറയിലെ ത്രിഗുണന്റെ കാറാണ് നിയന്ത്രണംവിട്ട് അപകടത്തിൽ പെട്ടത്. വർക്ക് ഷോപ്പിൽ എത്തിച്ച കാർ പെയിൻറിങ് കഴിഞ്ഞ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് വായനശാലക്കരികെ ഒഴിഞ്ഞ ഭാഗത്ത് നിർത്തിയിട്ടത്.

ദാമോദരൻറെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയോടെ നടക്കും.

കെ. രുക്മിണിയാണ് ദാമോദരൻറെ ഭാര്യ. മക്കൾ: സുധീരൻ (ദുബൈ), സുഭാഷ് (ഡ്രൈവർ), സുമേഷ് (ഇലക്ട്രിക്കൽ വർക്സ്, തൃക്കരിപ്പൂർ). മരുമക്കൾ: നീന കൊഴുമ്മൽ, സുജിത എട്ടിക്കുളം, സുനിത തൈക്കീൽ. സഹോദരങ്ങൾ: ലക്ഷ്മി വെള്ളൂർ, പരേതരായ കുഞ്ഞിക്കണ്ണൻ(വിമുക്ത ഭടൻ), ജാനകി.


Tags:    
News Summary - Elderly man killed in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.