പയ്യന്നൂർ: ആറളം ഫാം 13ാം ബ്ലോക്കിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുരോഗമിക്കുന്നു. ആറളം വില്ലേജ് അമ്പലക്കണ്ടി കോളനിയിലെ താമസക്കാരായ വെള്ളി (80), ലീല (70) എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. വന്യജീവി ശല്യത്തിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ ഇന്നലെ അർധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ, മനുഷ്യജീവന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
13ാം ബ്ലോക്ക് കരിക്കിൻമുക്ക് ആർ.ആർ.ടി ഓഫിസിന് സമീപമാണ് ഇരുവരും കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ കാട്ടാന ചവിട്ടിയരച്ചനിലയിലായിരുന്നു. ഉച്ചയോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്ന് കരുതുന്നു. മൃതദേഹത്തിന് സമീപത്തെ രക്തം കട്ടപിടിച്ച് ഉണങ്ങിയ നിലയിലായിരുന്നു. ഏറെവൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ബന്ധുക്കൾ തേടിയിറങ്ങിയപ്പോഴാണ് ദമ്പതികളുടെ ജീവൻ പൊലിഞ്ഞ വിവരം പുറംലോകമറിഞ്ഞത്.
കശുവണ്ടി ശേഖരിച്ച് വിറകുകെട്ടുമായി ഇരുവരും വീട്ടിലേക്ക് വരുന്ന വഴിയിൽ പ്രദേശത്തെ ആളൊഴിഞ്ഞ വീടിന്റെ പിറകുവശത്ത് നിന്നിരുന്ന കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. ആറളം ഫാമിൽ ഏതാനും വർഷങ്ങൾക്കിടെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി.
സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും മൃതദേഹം മാറ്റാൻ നാട്ടുകാർ സമ്മതിച്ചിരുന്നില്ല. സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ബ്ലോക്ക് അംഗം വി. ശോഭ, വാർഡ് മെംബർ മിനി എന്നിവർ സ്ഥലത്തെത്തി. പ്രതിഷേധം തണുപ്പിക്കാനും മൃതദേഹം മാറ്റാനും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആറളം എസ്.എച്ച്.ഒ ആൻഡ്രിക് ഗ്രോമികിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അനുനയനീക്കം നടത്തുകയും സണ്ണി ജോസഫ് എം.എൽ.എ വനംമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ മുൻകരുതൽ എടുക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകുകയും ചെയ്തു. ഒടുവിൽ രാത്രി 11.30 ഓടെയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.