രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രായമല്ല പ്രശ്നം -ജൂനിയര്‍ എം.എല്‍.എയെ ആണോ ചുമതലപ്പെടുത്തുക എന്ന സതീശന്‍റെ ചോദ്യത്തിന് മറുപടിയുമായി എളമരം കരീം

കോഴിക്കോട്: പി.വി. അൻവറിന്‍റെ വീട്ടിൽ അർധരാത്രി പോയി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തിയതിൽ, ജൂനിയര്‍ ആയിട്ടുള്ള എം.എല്‍.എയെ ആണോ ഇതിനായി ചുമതലപ്പെടുത്തുക എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ചോദ്യത്തിന് മറുപടിയുമായി എളമരം കരീം. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രായമല്ല പ്രശ്നമെന്നും അൻവറിനെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഹുൽ പോയതെന്നും അത് പരാജയപ്പെട്ടു എന്നും കരീം പറഞ്ഞു.

എളമരം കരീമിന്‍റെ വാക്കുകൾ:

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചെറുപ്പമല്ല പ്രശ്നം, രാഹൽ ഒറ്റയ്ക്ക് പോയി പരിഹാസ്യനാകുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം യൂത്ത് കോൺഗ്രസിന്‍റെ സ്റ്റേറ്റ് പ്രസിഡന്‍റാണ്, ഇവരുടെയൊക്കെ വിശ്വസ്തനാണ്. അവരുടെ വക്താവ് എന്ന നിലയിൽ സജീവമായി രംഗത്തുള്ളയാളാണ്. ആ ദൗത്യം വിജയിച്ചിരുന്നെങ്കിൽ ഇവർ തള്ളിപ്പറയുമായിരുന്നോ? അൻവറുമായി എന്തെങ്കിലുമൊരു ധാരണയിലെത്താൻ സാധിച്ചിരുന്നെങ്കിൽ കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയത്തിന്‍റെ ജേതാവായിരിക്കും രാഹുൽ. തോറ്റപ്പോൾ പരിഹാസ്യരായി, മാധ്യമങ്ങൾ ഇടപെട്ടു, എല്ലാവരും വിമർശിച്ചു. അപ്പോൾ ബലിയാടായി രാഹുൽ മാങ്കൂട്ടത്തിൽ മാറി. അൻവറിനെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഹുൽ പോയത്. അത് പരാജയപ്പെട്ടു എന്ന് മാത്രം.

പി.വി. അന്‍വറിന്‍റെ വീട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അർധരാത്രി അനുനയ ചർച്ചക്ക് പോയത് വിവാദമായതോടെയായിരുന്നു ഇന്നലെ വി.ഡി. സതീശൻ ഇക്കാര്യത്തിൽ പ്രസ്താവന നടത്തിയിരുന്നത്. അന്‍വറിനെക്കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും ജൂനിയര്‍ ആയിട്ടുള്ള എം.എല്‍.എയെ ആണോ ഇതിനായി ചുമതലപ്പെടുത്തുക എന്നും സതീശൻ ചോദിച്ചിരുന്നു. മാങ്കൂട്ടത്തില്‍ സ്വയം തീരുമാനത്തില്‍ പോയതാണ്. അദ്ദേഹം പോയത് തെറ്റാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. മാങ്കൂട്ടത്തില്‍ തനിക്ക് സ്വന്തം അനിയനെപ്പോലെയാണ്. രാഹുലിനെ നേരിട്ട് വ്യക്തിപരമായ രീതിയില്‍ ശാസിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

Tags:    
News Summary - elamaram kareem's reply to VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.