'പൊമ്പിളൈ ഒരുമൈ സമരത്തിന്റെ തനിയാവർത്തനം, പിന്നിൽ അരാജക സംഘടനകൾ'; ആശ വർക്കർമാരുടെ സമരത്തെ തള്ളി എളമരം കരീമിന്റെ ലേഖനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന ആശ വർക്കർമാരെ ആക്ഷേപിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിന്റെ ലേഖനം. സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്നും മൂന്നാറിലെ പൊമ്പിളൈ ഒരുമൈയുടെ സമരത്തിന് സമാനമാണ് ഈ സമരമെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

'ആശ വർക്കർമാരെ വ്യാമോഹിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സംഘടിപ്പിച്ച് സെക്രട്ടറിയറ്റിനു മുന്നിൽ സർക്കാരിനെതിരെ നടത്തുന്ന സമരം എൽ.ഡി.എഫ് വിരുദ്ധമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് മൂന്നാറിലെ ടാറ്റ ടി എസ്റ്റേറ്റിലെ ഒരു വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് പൊമ്പിളൈ ഒരുമൈ എന്ന പേരിൽ നടത്തിയ സമരത്തിന്റെ തനിയാവർത്തനമാണിത്. അന്നും മാധ്യമങ്ങളാണ് സമരം കൊഴുപ്പിച്ചത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനകളെ മുഴുവൻ അധിക്ഷേപിച്ചു കൊണ്ടായിരുന്നു മൂന്നാർ സമരം. ഒരു അരാജക സംഘടനയായിരുന്നു നേതൃത്വം നൽകിയത്. അതേ മാതൃകയിൽ ചില അരാജക സംഘടനകൾ ഏതാനും ആശാവർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരം. എൽ.ഡി.എഫ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നതുകൊണ്ട് കോൺഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും ഈ സമരത്തിന് പിന്തുണയേകുന്നു.' എന്ന് എളമരം കരീം ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശ) എന്ന സ്കീം കേന്ദ്രസർക്കാരിന്റെ നാഷണൽ ഹെൽത്ത് മിഷൻ നേതൃത്വത്തിൽ 2005ലാണ് ആരംഭിച്ചത്. സാമൂഹ്യ-ആരോഗ്യപ്രവർത്തകർ എന്ന സങ്കൽപ്പത്തിന് സ്ത്രീകളെ മാത്രം നിയോഗിച്ചുള്ള പദ്ധതിയാണിത്. സേവനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ ‘തൊഴിലാളി എന്ന നിർവചനത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടില്ല. സന്നദ്ധപ്രവർത്തകരായാണ് ഇവരെ കണക്കാക്കേണ്ടതെന്നാണ് എൻഎച്ച്എം വ്യവസ്ഥ. ഈ കാരണങ്ങളാൽ ന്യായമായ ശമ്പളമോ മിനിമം വേതനം എന്ന തത്വമോ ബാധകമല്ല. ആശ, അങ്കണവാ ടി, എൻ.എച്ച്.എം, എം.എൻ.ആർ.ഇ.ജി തുടങ്ങിയവ യെല്ലാം ഇത്തരം കേന്ദ്ര പദ്ധതികളാണ്. മൻമോഹൻ സിങ് ഭരണകാലത്താണ് ഇത് ആരംഭിച്ചത്. ഇപ്പോൾ സെക്രട്ടറിയറ്റിനു മുമ്പിൽ നടക്കുന്ന സമരത്തെ അനുകൂലിച്ച് അക്രമം സംഘടിപ്പിക്കുന്ന കോൺഗ്രസിന് ഈ പ്രശ്നത്തിലുള്ള ഉത്തരവാദിത്വം ആരും കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, എളമരം കരീമിനെ പോലുള്ള തൊഴിലാളി നേതാവ് ന്യായമായ ഒരു സമരത്തെ ഈ രീതിയിൽ ആക്ഷേപിക്കരുതെന്ന് സമരക്കാർ പറഞ്ഞു.

ആദ്യം ചെയ്യേണ്ടത് സമരത്തിന് കാരണമായ വസ്തുകളെ കുറിച്ച് ചർച്ച ചെയ്ത് പരിഹരിക്കുക എന്നതാണ്. എല്ലാവർക്കും സമരം ചെയ്യാൻ അവകാശമുണ്ട്. അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുത്തകയൊന്നുമല്ലെന്ന് അവർ പറഞ്ഞു.

സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം 15-ആം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. ആശമാർക്ക് ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്.   

Tags:    
News Summary - Elamaram Kareem's article against the ASHA workers' strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.