തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിന്‍റെ മൂല്യങ്ങൾ ഉൾക്കൊണ്ട് ഈ വർഷത്തെ തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിൽ അർഹരായ മുഴുവൻ പൗരൻമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനും, വോട്ടർപട്ടികയിലുള്ള മുഴുവൻപേരും വോട്ട് ചെയ്തുവെന്ന് ഉറപ്പ് വരുത്താനും ശ്രമിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ. തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസ് അങ്കണത്തിൽ നടന്ന റിപ്പബ്ലിക്ദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമീഷണർ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി ബി.എസ്. പ്രകാശ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജനാധിപത്യ പ്രകിയയിൽ മികച്ച മാതൃകകൾ തീർക്കുന്ന കേരളം നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യത്തോടും വോട്ടിംഗിനോടും എല്ലാക്കാലവും പ്രതിബദ്ധത കാട്ടിയ ജനങ്ങളാണ് സംസ്ഥാനത്തുള്ളത്.
രാജ്യം റിപ്പബ്ലിക് ആയതിനു ശേഷമുള്ള 75 വർഷങ്ങളിൽ ആധുനിക ഇന്ത്യയുടെ രൂപീകരണത്തോടൊപ്പം നമ്മുടെ ജനാധിപത്യവും ശക്തമായി. കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്‌ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നു. ഇന്ന് മുതിർന്നവർക്കും ശാരീരിക അവശതകളുള്ളവർക്കും വീടുകളിൽ തന്നെ വോട്ടിംഗ് സൗകര്യമൊരുക്കിയത് മാതൃകാ നടപടിയാണ്.
വൈകാരികമായി ജനാധിപത്യ പ്രക്രിയയിൽ ഇടപെടുന്ന ജനത എന്ന നിലയിൽ എന്നും വോട്ടിംഗിലെ നവീനതകളെ ഇരു കൈയും നീട്ടി കേരളം സ്വീകരിച്ചു. രാജ്യത്ത് ആദ്യ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് കേരളത്തിലാണെന്നത് ശ്രദ്ധേയമാണെന്നും ഗവര്‍ണർ പറഞ്ഞു.
ലോകത്ത് ഒരു രാജ്യത്തിനും ചിന്തിക്കാൻ കഴിയാത്ത ബൃഹത്തായ ജനാധിപത്യ ക്രമമാണ് ഇന്ത്യക്കുള്ളത്. സ്വാതന്ത്ര്യ പ്രഖ്യാപന വേളയിൽ ബ്രിട്ടനിൽ ഉണ്ടായ പ്രധാന സംവാദങ്ങളിലൊന്ന് ഇന്ത്യക്ക് ജനാധിപത്യം അർഹിക്കുന്നില്ല എന്നതായിരുന്നു. വികസനമറിയാത്ത പാവങ്ങളായ ഗ്രാമവാസികൾക്കിടയിലേക്ക് ജനാധിപത്യത്തിനെക്കുറച്ചും വോട്ടിംഗിനെക്കുറിച്ചുമുള്ള അറിവെത്തിയിട്ടില്ല എന്നതായിരുന്നു പ്രധാന വാദം. നമ്മൾ സ്വാതന്ത്ര്യം അർഹിക്കുന്നുവെന്ന് കാലം തെളിയിച്ചുവെന്നും രവർണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.