തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ നവ ഉദാരീകരണ നയങ്ങളെ സർക്കാർ വാരിപ്പുണരുന്നതിനെതിരെ പ്രതിരോധവുമായി സി.പി.എം അനുകൂല സംഘടനകൾ. ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധവുമായി പാർട്ടി അനുകൂല സംഘടന നേതാക്കൾ സി.പി.എം നേതൃത്വത്തെ സമീപിച്ചു. കോളജുകളിൽ അധ്യാപക തസ്തികയുടെ ജോലിഭാരം മാറ്റിയും പി.ജി അധ്യാപന വെയ്റ്റേജ് റദ്ദാക്കിയും പുതിയ നിയമനത്തിന് വഴിയടച്ച സർക്കാർ കരാർവത്കരണത്തിലേക്കാണ് നീങ്ങുന്നത്. പുതിയ കോഴ്സുകൾക്കെല്ലാം അഞ്ചുവർഷത്തെ കരാർ നിയമനമായിരിക്കുമെന്ന് (ടെന്യുർ ട്രാക്ക്) സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എജുക്കേഷൻ സിറ്റി സ്ഥാപിക്കുന്നത് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതും ഇടതു നയങ്ങൾക്ക് വിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടത്തിയ േഗ്ലാബൽ എജുക്കേഷൻ മീറ്റിലൂടെ ലക്ഷ്യമിട്ടതാണ് എജുക്കേഷൻ സിറ്റിക്ക് പിന്നിലുമെന്നാണ് വിമർശനം. കോവളത്ത് നടന്ന എജുക്കേഷൻ മീറ്റിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങിയ എസ്.എഫ്.െഎ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയിരുന്നു.
അന്താരാഷ്ട്ര സർവകലാശാലകൾക്ക് കേരളത്തിൽ കേന്ദ്രമൊരുക്കലാണ് എജുക്കേഷൻ സിറ്റിയിലും േഗ്ലാബൽ എജുക്കേഷൻ മീറ്റിലും മുന്നോട്ടുവെക്കുന്നത്. കേന്ദ്രസർക്കാറിനു കീഴിലെ എ.െഎ.സി.ടി.ഇ വൈസ്ചെയർമാൻ ഡോ.എം.പി. പൂനിയ അധ്യക്ഷയും സ്വകാര്യ സർവകലാശാലയായ ഒ.പി ജിൻഡാൽ േഗ്ലാബൽ യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. വൈ.എസ്.ആർ. മൂർത്തി അംഗവുമായാണ് വിദഗ്ധ സമിതി. സർക്കാർ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയുള്ള ഇടതു ബദലിന് വിരുദ്ധമാണ് സമിതിയെന്നാണ് വിമർശനം.
എയ്ഡഡ് അധ്യാപക നിയമനാംഗീകാരം എടുത്തുമാറ്റി സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർക്കാനാണ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശ്രമമെന്ന് സംഘടനകൾ പാർട്ടി നേതൃത്വത്തെ ബോധിപ്പിച്ചു. ഒാൺലൈൻ വിദ്യാഭ്യാസം ഭാവിയിലും പരിഗണിക്കുന്ന ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ നിലപാടിലും അതൃപ്തിയുണ്ട്. സി.പി.എം സഹയാത്രികനായ ചരിത്രകാരൻ ഡോ. കെ.എൻ. ഗണേഷ് ഉൾപ്പെടെയുള്ളവർ അധ്യാപക നിയമനത്തിലെ കരാർവത്കരണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഗ്രാമീണ, മലയോര മേഖലയിലെ വിദ്യാർഥികളെ പരിഗണിക്കാതെ കോളജുകളുടെ സമയമാറ്റം നടപ്പാക്കാനുള്ള തീരുമാനത്തിലും സംഘടനകൾ പ്രതിഷേധമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.