കൊച്ചി: കൊടകര കുഴൽപണക്കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ. അന്വേഷണം പൂർത്തിയായതായും അറിയിച്ചു. പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഇ.ഡി വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുമാസം സമയം അനുവദിച്ച് ഹരജി തീർപ്പാക്കി. പൊലീസ് രജിസ്റ്റർ ചെയ്ത കുഴൽപണക്കേസിലെ സാക്ഷിയായ ഇരിങ്ങാലക്കുട സ്വദേശി സന്തോഷ് സമർപ്പിച്ച ഹരജിയാണ് കോടതി തീർപ്പാക്കിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒരുസംഘമാളുകൾ കാറിൽ എത്തിച്ച വൻതുക കൊടകരയിൽ െവച്ച് അക്രമികൾ തട്ടിയെടുത്തിരുന്നു. കവർച്ചക്കുശേഷം നടന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ചാണ് അന്വേഷിച്ചതെന്ന് ഇ.ഡി അഭിഭാഷകൻ ജയശങ്കർ വി. നായർ പറഞ്ഞു. പൊലീസ് കവർച്ച സംബന്ധിച്ച കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ, ഇക്കാര്യത്തിലാണ് അന്വേഷണം നടത്തിയിരിക്കുന്നതെന്നും വിശദീകരിച്ചു.
അതേസമയം, ഇ.ഡിയുടെ വിശദീകരണത്തോടെ പണത്തിന്റെ ഉറവിടം അന്വേഷിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്നും വിലയിരുത്തലുണ്ട്. എന്നാൽ, ഉറവിടത്തെക്കുറിച്ച് ആദായ നികുതി വിഭാഗമാണ് അന്വേഷിക്കേണ്ടതെന്നാണ് ഇ.ഡിയുടെ നിലപാട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കർണാടകയിൽനിന്ന് ബി.ജെ.പിക്ക് വേണ്ടി കള്ളപ്പണം എത്തിച്ചതായാണ് ആരോപണം. 25 ലക്ഷം രൂപയും കാറും തൃശൂർ ജില്ലയിലെ കൊടകരയിൽെവച്ച് കൊള്ളയടിച്ചതിനെ തുടർന്ന് ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണം ഇ.ഡി ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് ഹരജിയിൽ ആരോപിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കേസിൽ ഏഴാം സാക്ഷിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.