കരുവന്നൂർ ബാങ്ക് കേസിലെ പ്രതികളുടെ വീടുകളിലും ബാങ്കിലും ഇ.ഡി റെയ്ഡ്

തൃശൂർ:: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതികളുടെ വീടുകളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. സെക്രട്ടറിയായിരുന്ന സുനിൽകുമാർ, ബിജു കരീം, ബിജോയ്‌, ജിൽസ് എന്നിവരുടെ വീടുകളിൽ ഒരേസമയം രാവിലെ എട്ടോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

മുന്നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇതുവരെ ഇ.ഡി അന്വേഷണം നടത്താത്തത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. അടുത്ത ദിവസം ഹൈകോടതിയിൽ കേസ് പരിഗണിക്കാനിരിക്കെയാണ് ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം. 75 പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

ഒരേസമയം പ്രതികളുടെ വീട്ടിലും ബാങ്കിലും പരിശോധന നടത്തുന്നുണ്ട്. ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ വീട്ടിലും മറ്റ് പ്രതികളുടെയും വീട്ടിൽ റെയ്ഡ് നടക്കുന്നുണ്ട്. കോടികൾ തട്ടിയെടുത്ത പ്രതികൾ മൂന്നാറിൽ അടക്കം വൻ ഇടപാടുകൾ നടത്തിയിരുന്നതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു.

സംസ്ഥാന സഹകരണ വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പായാണ് കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിനെ കാണുന്നത്. ചികിത്സക്ക് പണമില്ലാതെ നിക്ഷേപക മരിക്കാനിടയായതോടെയാണ് കരുവന്നൂർ കേസ് വീണ്ടും സജീവമായത്. 350 കോടിയുടെ ക്രമക്കേടാണ് സർക്കാർ നിയോഗിച്ച വിദഗ്​ധ സമിതി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സാമ്പത്തിക ക്രമക്കേടിൽ 2021 ജൂലൈ 14ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. സി.പി.എം നേതാക്കളായ ജീവനക്കാരും കമീഷൻ ഏജന്‍റുമടക്കം ആറു പേരും മുഖ്യപ്രതികളായ 11 ഭരണസമിതി അംഗങ്ങളും ജാമ്യം ലഭിച്ച് പുറത്ത് നടക്കുമ്പോൾ പണം ലഭിക്കാതെ നിക്ഷേപകർ പെരുവഴിയിലാണ്​.

കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി സസ്പെൻഡ് ചെയ്ത സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ ഒരു വർഷമെത്തുമ്പോൾ തെളിവില്ലെന്ന് ചൂണ്ടികാട്ടി തിരിച്ചെടുത്തു. വായ്പ തട്ടിപ്പിന് പുറമെ ബാങ്കിന്‍റെ കീഴിലെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. 

Tags:    
News Summary - ED raids the houses of the accused in the Karuvannur bank scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.