തിരുവനന്തപുരം: സി.പി.എം ഭരിക്കുന്ന നേമം സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) റെയ്ഡ്. ഇ.ഡി കൊച്ചി യൂനിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബാങ്ക് ആസ്ഥാനത്ത് കൂടാതെ മുൻ ഭരണസമിതിയംഗങ്ങളുടെ വസതികളിലുമാണ് പരിശോധന നടക്കുന്നത്.
ഒരേസമയത്ത് അഞ്ചിടത്താണ് റെയ്ഡ് പുരോഗമിക്കുന്നത്. മുൻ സെക്രട്ടറി എസ്. ബാലചന്ദ്രൻ, മുൻ പ്രസിഡന്‍റും സി.പി.എം ഏരിയ കമ്മിറ്റിയംഗവുമായ ആർ. പ്രദീപ് കുമാർ, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ വസതിയിലാണ് പരിശോധന. നിക്ഷേപകരുടെ കൂട്ടായ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്.
സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതി 96 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ. ക്രമക്കേടിൽ പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് വിശദ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറി. മുൻ സെക്രട്ടറി ബാലചന്ദ്രൻ നായർ, സി.പി.എം ഏരിയ കമ്മിറ്റിയംഗമായിരുന്ന ആർ. പ്രദീപ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മുൻ സെക്രട്ടറിമാരായ എ.ആർ. രാജേന്ദ്ര കുമാർ, എസ്.എസ്. സന്ധ്യ എന്നിവരും കേസിൽ പ്രതികളാണ്.
ക്രമക്കേടിൽ ഏറെ നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപക പ്രതിഷേധം നടത്തിവരികയാണ്. വായ്പ നൽകിയ വകയിൽ 34.26 കോടി രൂപ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി മാത്രമേ ബാങ്കിൽ ഈടായി രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപ പദ്ധതിയിൽ ആകെ കിട്ടാനുള്ളത് 10.73 കോടിയാണ്. ഇതിൽ 4.83 കോടി മാത്രമാണ് രേഖയിലുള്ളത്.
മുൻ സെക്രട്ടറിമാരായ എസ്. ബാലചന്ദ്രൻ നായർ 20.76 കോടിയും എ.ആർ. രാജേന്ദ്ര കുമാർ 31.63 കോടിയും എസ്.എസ്. സന്ധ്യ 10.41 കോടിയും ഭരണസമിതിയംഗങ്ങളിൽ പലരും 3 കോടി രൂപയുടെയും ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ.
അധിക പലിശ നൽകി സ്ഥിര നിക്ഷേപം സ്വീകരിക്കുകയും രേഖകളില്ലാതെ വേണ്ടപ്പെട്ടവർക്ക് കോടികളുടെ വായ്പ നൽകുകയും ചെയ്തെന്ന് സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. 35 കോടിയുടെ വായ്പ ബാങ്ക് നൽകിയിട്ടുണ്ട്. എന്നാൽ, നിലവിലെ നിയമപ്രകാരം 15 കോടി മാത്രമേ തിരിച്ചു പിടിക്കാൻ സാധിക്കൂ. ബാക്കി വായ്പ നൽകിയതിന് രേഖയോ ജാമ്യവസ്തുവോ ഇല്ലെന്നാണ് റിപ്പോർട്ടിൽ വിവരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.