'ഇ.ഡി റെയ്ഡിൽ പാർട്ടിയും മുന്നണിയും നൽകിയ പിന്തുണക്ക് നന്ദി', ഒരേ മനസ്സോടെ ഇനിയും മുന്നോട്ട് നീങ്ങാം -പിണറായി വിജയൻ

കണ്ണൂർ: ഇ.ഡി റെയ്ഡിൽ പാർട്ടിയും മുന്നണിയും നൽകിയ പിന്തുണക്ക് നന്ദിയറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാ ഘട്ടത്തിലേയും പോലെ പാർട്ടി ഇടപെടുകയും പിന്തുണ നൽകുകയും ചെയ്തുവെന്ന് പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ ജന്മനാടായ മമ്പറത്ത് എൽ.ഡി.എഫിന്റെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

എൽ.ഡി.എഫ് പരാജയപ്പെടാനിടയായ കാരണങ്ങൾ ഘടകകക്ഷികൾ പരിശോധിക്കുകയാണ്. നൂറ് സീറ്റ് എന്നത് യു.ഡി.എഫ് ആദ്യമായി കിട്ടുന്ന ഒന്നല്ലെന്നും ഈ സർക്കാർ അധികാരത്തിലേറുന്ന സമയത്ത് എ.കെ. ആന്റണി ഓർമിപ്പിച്ചത് നൂറ് സീറ്റ് നേടി അധികാരത്തിലേറിയ അന്നത്തെ കാര്യമാണ്. അന്ന് ആന്റണി നൂറിന്റെ ആവേശത്തിൽ വിളിച്ചു പറഞ്ഞത് നൂറുവർഷത്തേക്ക് ഇനി എൽ.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ ഉണ്ടാകില്ല എന്നായിരുന്നു. എന്നാൽ, എന്തൊക്കെ സംഭവിച്ചുവെന്ന് പിന്നീട് കണ്ടതാണ്. അങ്ങനെ പ്രഖ്യാപിച്ച ആന്റണിക്ക് ആ ഭരണം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.

ഒരു പരാജയം കൊണ്ട് എല്ലാം അവസാനിച്ചുവെന്നല്ല എൽ.ഡി.എഫ് കാണുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. 2021 മുതൽ വലതുപക്ഷം ജനങ്ങളിൽ തെറ്റായ ചിത്രം സൃഷ്ടിക്കാനാവശ്യമായ നടപടി സ്വീകരിച്ചു. അതിൽ ഒന്നാണ് ജനാധിപത്യത്തിന്റെ സൗകുമാര്യം പൂർണമായും ആസ്വദിക്കണമെങ്കിൽ ഇടക്കിടെ സർക്കാർ മാറണം എന്നത്. ഒരേ സർക്കാർ തുടർന്നാൽ ജനാധിപത്യത്തിന്റെ സൗന്ദര്യം നഷ്ടപ്പെടും, ഒരു മാറ്റം ആവശ്യമല്ലേ? പത്തുവർഷമായില്ലേ? എന്ന ചിന്ത ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നു. ഭരണം മാറട്ടെയെന്ന് ജനം വിധിച്ചു.

ഇതോടുകൂടി എല്ലാം അവസാനിച്ചുവെന്ന് വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനെ മുഖവിലക്കെടുക്കുന്നില്ല. ശക്തമായി എൽ.ഡി.എഫ് തിരിച്ചുവരും. എൽ.ഡി.എഫിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ചിലരെ ചില കാര്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. അത് ശാശ്വതമായി നിൽക്കുന്നതല്ല. ഞങ്ങൾ ഇവിടെത്തന്നെയുണ്ട്. ജനങ്ങളുടെ കൂടെത്തന്നെയുണ്ട്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളുടേയും ഒപ്പം ഞങ്ങളുണ്ടാകും.

ഇടതുനേതാക്കൾക്കെതിരെയുള്ള ആക്രമണം എല്ലാക്കാലത്തുമുണ്ട്. എത്രയോ കാലമായി ആക്രമണങ്ങൾക്ക് ഇരയാക്കുന്നു. ജനങ്ങളുടെ വിശ്വാസവും ജനപിന്തുണയും ഓരോ ഘട്ടത്തിലും കൂടിവരികയാണ്. അതിന്റെ കാരണം, എൽ.ഡി.എഫിന്റെ പ്രവർത്തനവും സി.പി.എമ്മിനെ പ്രതിനിധീകരിക്കുന്നവരുടെ പ്രവർത്തനവും കളങ്കരഹിതമായത് കൊണ്ടാണ്. ഇത്തരത്തിലുള്ള ഏത് കടന്നാക്രമണങ്ങളേയും ഒരുമിച്ച് നേരിടാനാകും. ഒരു ആശങ്കയും ആർക്കും ഉണ്ടാകേണ്ടതില്ല.

വളരെ കടുത്ത നടപടികളുമായിട്ടാണ് കേന്ദ്രം മുന്നോട്ട് വന്നത്. എല്ലാ ഘട്ടങ്ങളേയും പോലെത്തന്നെ ഈ ഘട്ടത്തിലും പാർട്ടിയും എൽ.ഡി.എഫും പിന്തുണ നൽകി. ആ പിന്തുണക്ക് നന്ദി രേഖപ്പെടുത്തുന്നു. ഒരേ മനസ്സോടെ ഇനിയും മുന്നോട്ട് നീങ്ങാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    
News Summary - 'Thank you for the support given by the party and the front in the ED raid', let's move forward with one mind - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.