ഡൽഹി: പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ ഡൽഹിയിലും പ്രതിഷേധം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ റെയ്ഡ് നടത്തിയതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തേക്ക് സി.പി.എം മാർച്ച് സംഘടിപ്പിച്ചു. മാർച്ചിൽ പങ്കെടുത്ത എം.എ ബേബി അടക്കമുള്ള മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.
റെയ്ഡ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികൾക്കു മുന്നിലും പ്രവർത്തകർ വലിയ രീതിയിൽ തടിച്ചുകൂടുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂരിൽ പിണറായിയുടെ വീടിന് മുന്നിലെത്തിയ സി.പി.എം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരേയും സുരക്ഷ ഉദ്യോഗസ്ഥരേയും കൂവി വിളിച്ചു. ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുകയും വാഹനത്തിന് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. ഇതോടെ പ്രതിപക്ഷനേതാവിന്‍റെ തലസ്ഥാനത്തെ വസതിയുടെ പരിസരത്ത് സംഘർഷാവസ്ഥ രൂപപ്പെടുകയും പൊലീസ് ലാത്തി വീശുകയും ചെയ്തു.
കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സി.പി.എം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ കാർ തടഞ്ഞെങ്കിലും നേതാക്കൾ ഇടപ്പെട്ട് വിട്ടയക്കുകയാണുണ്ടായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലടക്കം 12 ഓളം ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.