ഇ.ഡി റെയ്ഡ്: ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡും തുടർന്നുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ബുധനാഴ്ച രാവിലെ തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലെയും കർണാടകത്തിലേയും പത്തോളം കേന്ദ്രങ്ങളിൽ റെയ്‍ഡ് നടത്തിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല.

ഡൽഹി സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തോട് റെയ്ഡ് വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും മറുപടി നൽകാൻ തയാറായില്ല. ബുധനാഴ്ച അഞ്ച് തവണ മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴും കേരളത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

പിണറായി വിജയന്റെ വസതിയിലുണ്ടായ ഇ.ഡി റെയ്ഡ് ഡൽഹി കേന്ദ്രീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധിയെപ്പോലെയുള്ള ദേശീയ നേതാക്കൾ മുമ്പ് പരസ്യമായി ചോദിച്ചതിലെ രാഷ്ട്രീയ ദുഷ്ടലാക്കാണ് നടപടികളിലൂടെ വ്യക്തമാകുന്നതെന്നും കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചിരുന്നു.

അതേസമയം, ഇ.ഡി റെയ്ഡിന് പിന്നാലെ ബി.ജെ.പിക്കെതിരേ വിമർശനവുമായി മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര ഏജൻസികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ പ്രതികരിച്ചു. ബി.ജെ.പി-കോൺഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിടുകയും ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു തെളിവാണ്. കോൺഗ്രസ് 'നടപടിയെടുക്കുന്നില്ല' എന്ന് പരാതിപ്പെട്ടതിന് തൊട്ടുപിന്നാലെ ഇ.ഡി റെയ്ഡ് നടത്തിയത് ബി.ജെ.പി-കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കെജ്‌രിവാൾ കുറിച്ചു.

പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡ് ഡൽഹിയിൽ കെജ്‌രിവാളിന് നേരെയുണ്ടായതിന് സമാനമാണെന്നാണ് സി.പി.എം ആരോപിച്ചിരുന്നത്. ഡൽഹിയിൽ അരവിന്ദ്‌ കെജരിവാളിന്‌ നേരെ കോൺഗ്രസ്‌ പിന്തുണയോടെ ബി.ജെ.പിയും കേന്ദ്ര ഏജൻസികളും നടത്തിയ കടന്നാക്രമണങ്ങൾ ഇതിന്‌ സമാനമായിരുന്നുവെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡെന്നുമെന്നാണ് സി.പി.എം സെക്രട്ടേറിയറ്റ് നിലപാടെടുത്തത്. അതിന് പിന്നാലെയാണ് പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാൾ രംഗത്തെത്തിയത്.

Tags:    
News Summary - ED raid: Chief Minister VD Satheesan does not respond to questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.