കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണവും കേസും ഒഴിവാക്കാൻ വ്യവസായിയിൽനിന്ന് രണ്ട് കോടി രൂപ കോഴ ആവശ്യപ്പെട്ട കേസിൽ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാർ ഒന്നാം പ്രതി. കേസിൽ അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരം.
ഇ.ഡി ചോദ്യം ചെയ്ത കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍നിന്ന് രണ്ട് കോടി കോഴ ആവശ്യപ്പെട്ട തമ്മനം സ്വദേശി വിത്സണ്, രാജസ്ഥാന് സ്വദേശി മുരളി മുകേഷ് എന്നിവരെയാണ് വെള്ളിയാഴ്ച വിജിലന്‍സ് വിഭാഗം പിടികൂടിയത്. അഡ്വാന്‍സ് തുകയായ രണ്ട് ലക്ഷം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഇവരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
തൊട്ടുപിന്നാലെ മുഖ്യ പ്രതികളിലൊരാളും ചാർട്ടേഡ് അക്കൗണ്ടൻറുമായ കൊച്ചി വാരിയം റോഡ് സ്വദേശി രഞ്ജിത് വാര്യരെയും വിജിലൻസ് പിടികൂടി. ഇയാളാണ് വ്യവസായിയെ കുറിച്ച വിവരം രണ്ടാം പ്രതി വിത്സന് കൈമാറിയത്.
ഇ.ഡി.ഓഫിസിലെ വിവരങ്ങൾ കൈമാറി പണം തട്ടാൻ കളമൊരുക്കിയതും ഇയാളാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. രഞ്ജിത്തും ഇ.ഡി ഉദ്യോഗസ്ഥനായ ശേഖര്‍കുമാറും വില്‍സനും ചേര്‍ന്നാണ് തട്ടിപ്പിനായി ഗൂഢാലോചന നടത്തിയതെന്നാണ് കണ്ടെത്തല്‍. മൂന്നാം പ്രതി മുരളി മുകേഷിന് ഹവാലാ ഇടപാടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
റിമാന്‍ഡ് റിപ്പോർട്ടിൽ ഇ.ഡി ഉദ്യോഗസ്ഥന്റെ പങ്കാളിത്തമടക്കം നിരവധി വിവരങ്ങളുണ്ട്. പ്രതികളായി എത്തുന്നവരെ കുറിച്ചുളള വിവരങ്ങൾ ഉദ്യോഗസ്ഥർ ഇടനിലക്കാർക്ക് കൈമാറുകയും തുടർന്ന് വിലപേശലിനൊടുവിൽ കേസൊതുക്കാൻ കൈക്കൂലി വാങ്ങുകയുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഇ.ഡി. ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് വിജിലന്‍സ് എസ്.പി എസ്. ശശിധരന് പറഞ്ഞു.
പരാതിക്കാരൻ കൃത്യമായി മൊഴി നൽകിയതുകൊണ്ടാണ് ഇ.ഡി ഉദ്യോഗസ്ഥൻ പ്രതിപ്പട്ടികയിൽ വന്നത്. ചില കാര്യങ്ങളിൽ വ്യക്തത വന്നാൽ മാത്രമേ കൂടുതൽ പ്രതികരിക്കാൻ കഴിയൂ. വെളിപ്പെടുത്തലുകൾ കേസിനെ ബാധിക്കും. അഴിമതിയുടെ വ്യാപ്തി അറിയാന്‍ വിശദ അന്വേഷണം നടത്തുമെന്നും എസ്.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.