ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ കമ്മീഷന്റെ സീലിന് പകരം ബിജെപിയുടേത് പതിഞ്ഞ സംഭവത്തിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.ജെ.പി നൽകിയ അപേക്ഷക്ക് ഒപ്പമുള്ള കത്തിൽ സീൽ പതിച്ചിരുന്നു. ഈ കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചതിൽ ക്ലിറിക്കൽ പിഴവ് പറ്റിയെന്നുമാണ് കമ്മീഷന്‍റെ വിശദീകരണം.
2019 മാർച്ച് 19-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ബി.ജെ.പി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ചിരിന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബി.ജെ.പിയുടേത് വന്നത് വെറുമൊരു 'യാദൃശ്ചികത'യായി തള്ളിക്കളയാനാവില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞിരുന്നു.
സി.പി.എം ഉന്നയിച്ച ആരോപണം വസ്തുതയാണെന്ന് പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ബിജെപിയും കമ്മീഷനും വെവ്വേറെയാണെന്ന 'അഭിനയം' പോലും ഉപേക്ഷിക്കപ്പെട്ടോ എന്ന ചോദ്യത്തോടെയാണ് സി.പി.എം കേരളയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിൽ കത്ത് പങ്കുവെച്ചിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ കമീഷൻ ഈ ആരോപണം തള്ളിയിരുന്നു. യഥാർഥ രേഖയിൽ ഒരു സീലുമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ഈ രേഖകളുണ്ടെന്നും പല തെരഞ്ഞെടുപ്പുകളിലും ഇത് വിതരണം ചെയ്തതാണെന്നും കമ്മീഷൻ വൃത്തങ്ങൾ വിശദീകരിച്ചു. എന്നാൽ കൂടുതൽ വൈകാതെ സംഭവത്തിൽ തെറ്റുപറ്റിയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണ കുറിപ്പ് പുറത്തിറക്കി. പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നിർദേശം പിൻവലിച്ചെന്നും അത് രാഷ്ട്രീയ പാർട്ടികളെ അറിയിച്ചിട്ടുണ്ടെന്നുമാണ് കമ്മീഷൻ ഇപ്പോൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.