കൊച്ചി: യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചിയിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോഡിങ്ങ് കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിച്ചു. മുൻകൂട്ടി അറിയിപ്പൊന്നും കൂടാതെ 700ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയായിരുന്നു.
സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടിരിക്കുകയാണ് ഇപ്പോൾ. പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കുകയും ഈ മാസം ആറിന് തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ മാനേജ്മെന്‍റ് തൊഴിലാളികളോട് പുറത്തുപോകാൻ ആവശ്യപ്പെട്ടത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. സംഭവം വിവാദമായതോടെ ഉമ തോമസ് എം.എൽ.എ ഇടപെട്ടിരുന്നു. തുടർന്ന് തൊഴിൽ മന്ത്രി ഇടപെട്ട് നടപടികൾ ആരംഭിച്ചു. രാവിലെ ജോലിക്ക് വന്ന തൊഴിലാളികളെ പിരിച്ചുവിടൽ അറിയിച്ചത് മൈക്ക് അനൗൺസ്മെന്‍റ് വഴിയാണ്. എച്ച്.ആർ വിഭാഗം പിരിച്ചുവിടൽ നോട്ടീസ് നൽകി ഉടൻ തന്നെ പുറത്തു പോകാൻ പറയുകയായിരുന്നു.
കമ്പനിക്ക് ലാഭമില്ലെന്നും നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നുമാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അറിയിച്ചെങ്കിലും മുമ്പ് പിരിച്ചുവിട്ടവർക്ക് പോലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.