മൂ​ന്നാ​ർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കൽ: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് റ​വ​ന്യൂ മ​ന്ത്രി

തിരുവനന്തപുരം: മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മന്ത്രി ഇ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ബുധനാഴ്ച കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമ‍​െൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവർ തടഞ്ഞെന്ന വാർത്തയെത്തുടർന്നാണ് മുഖ്യമന്ത്രിയെ വിളിച്ചതെന്ന് മന്ത്രി ‘മാധ്യമ’ത്തോടു പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി കണ്ണൂരിലായിരുന്നതിനാൽ അദ്ദേഹത്തെ ഫോണിൽ ലഭിച്ചില്ല. തുടർന്ന് മുഖ‍്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെ വിളിച്ച് മൂന്നാറിലെ പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്തി. നിയമം നടപ്പാക്കാനെത്തുന്ന റവന്യൂ ഉദ്യോഗസ്ഥർ കടുത്ത എതിർപ്പ് നേരിടുകയാണെന്ന് സൂചിപ്പിച്ചു. അവർക്ക് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു. കൈയേറ്റത്തി​െൻറ കണക്കെടുത്ത് റിപ്പോർട്ട് നൽകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. ബുധനാഴ്ച നടന്ന ഒഴിപ്പിക്കലി​െൻറ വിശദവിവരങ്ങൾ തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. കൈയേറ്റം കണ്ടെത്തിയാൽ റവന്യൂ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കും. അതിൽ വിട്ടുവീഴ്ചയുണ്ടാവില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ്കലക്ടറോട് നടപടി തുടരാനാണ് ആവശ്യപ്പെട്ടത്. അതി​െൻറ തുടർച്ചയാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.   

ഒഴിപ്പിക്കൽ അറിയിച്ചില്ല – ജില്ല പൊലീസ് മേധാവി
തൊടുപുഴ: ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാൻ പോയത് പൊലീസിനെ അറിയിക്കാതെയാണെന്നും അറിയിച്ചിരുന്നെങ്കിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നെന്നും ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ. കൈയേറ്റം ഒഴിപ്പിക്കാൻ പോകുന്ന കാര്യം ബന്ധപ്പെട്ട എസ്.െഎയെയോ സി.െഎയെയോ ഡിവൈ.എസ്.പിയെയോ അറിയിച്ചില്ല. കൈയേറ്റം ഒഴിപ്പിക്കേണ്ടത് സർക്കാർ ആവശ്യമാണ്. അതിന് ഏകപക്ഷീയമായല്ല നടപടിയെടുക്കേണ്ടത്. പൊലീസ് അകമ്പടിയോടെയാണ് ഭൂസംരക്ഷണ സേനാംഗങ്ങൾ സ്ഥലത്ത് എത്തിയിരുന്നതെങ്കിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ല. അറിയിച്ചാൽ ഒഴിപ്പിക്കൽ നടപടിക്ക് മതിയായ സുരക്ഷയൊരുക്കാൻ പൊലീസ് തയാറാണ്. ഇക്കാര്യം വ്യക്തമാക്കി കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സബ് കലക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി –കലക്ടർ
തൊടുപുഴ: ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം നൽകാതിരുന്ന സംഭവത്തിൽ സബ് കലക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി തീരുമാനിക്കുമെന്ന് കലക്ടർ ജി.ആർ. ഗോകുൽ. പൊലീസ് യഥാസമയം ഇടപെട്ടില്ല. വിഷയം െഎ.ജിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അതിനു ശേഷമാണ് പൊലീസ് എത്തിയത്. റവന്യൂ സെക്രട്ടറിയുമായും സംസാരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസി​െൻറ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ  റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനിക്കുമെന്നും കലക്ടർ അറിയിച്ചു. 


 

Tags:    
News Summary - e chandrasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.