ഇ അഹമ്മദിന്‍െറ മരണം: പാര്‍ലമെന്‍റില്‍ അവകാശ ലംഘനത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് അധ്യക്ഷനുമായ ഇ അഹമ്മദിന്‍െറ മരണത്തില്‍ പാര്‍ലമെന്‍റില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ ആണ് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. കാല്‍ നുറ്റാണ്ടോളം ഇന്ത്യന്‍ പാര്‍ലമെന്‍റില്‍  അംഗവും രണ്ട് തവണ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദിനോട് മരണവേളയില്‍ കാണിച്ചത് എം.പിയെന്ന നിലക്കുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് ഇ.ടി മുഹമ്മദ് ബഷീര്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. 

പാര്‍ലമെന്‍റിന്‍െറ സംയുക്ത സെഷനെ രാഷ്ട്രപതി അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍ററി നടപടിക്രമത്തിനിടയില്‍ സെന്‍ട്രല്‍ ഹാളിലാണ് അഹമ്മദ് കുഴഞ്ഞുവീണതെന്ന് നോട്ടീസില്‍ ബഷീര്‍ ചുണ്ടിക്കാട്ടി. എന്നിട്ടും ഒരു സാധാരണ രോഗിയോട് പോലും കാണിക്കുന്ന മാന്യത ഇ അഹമ്മദിനോട് രാം മനോഹര്‍ ലോഹ്യ ആശുപത്രി കാണിച്ചില്ല. ഏതൊരു രോഗിയുടെയും ചികില്‍സയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അവരുടെ മക്കളും ആശ്രിതരുമായിട്ടും ഇ അഹമ്മദിന്‍െറ കാര്യത്തില്‍ അതുണ്ടായില്ല. ചികില്‍സ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനുള്ള മക്കളുടെയും ബന്ധുക്കളുടെയും അവകാശവും വകവെച്ചുകൊടുത്തില്ല. മരണം നേരത്തെ സംഭവിച്ചിട്ടും അത് മൂടിവെക്കാനായി നടത്തിയ ശ്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പാര്‍ലമെന്‍റിന്‍െറ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്ന് ബഷീര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. 

നോട്ടീസ് കൈപ്പറ്റിയ കാര്യം ലോക്സഭയില്‍ ബശീറിനെ ചെയര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവകാശ ലംഘന നോട്ടീസിന് അംഗീകാരം നല്‍കി ഉത്തരവാദികള്‍ക്കെതിരെ അവകാശ ലംഘന നടപടി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. അഹമ്മദിന്‍െറ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ മനുഷ്യാവകാശ കമീഷനെയും സമീപിക്കുന്നുണ്ട്.

Tags:    
News Summary - e ahemmed death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.